മാന്നാനം: ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ കേരളത്തിൽ അനുകമ്പയുടെയും ദയയുടെയും കാരുണ്യത്തിന്റെയും പുതിയ അധ്യായങ്ങൾ തുറന്നെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പള്ളിയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധപദ പ്രഖ്യാപനത്തിന്റെ 12-ാമത് വാര്‍ഷികാഘോഷത്തിന്റെയും സിഎംഐ സഭയുടെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭവനരഹിതര്‍ക്കായി നിര്‍മിക്കുന്ന 200 സ്നേഹഭവനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ചാവറയച്ചൻ ക്രൈസ്തവ ദർശനത്തിന്റെ യഥാർഥ സത്ത ജനങ്ങളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിച്ചു. പാർശ്വവത്കരിക്കപ്പെടുന്നവരുടെയും സങ്കടപ്പെടുന്നവരുടെയും പ്രയാസങ്ങൾ മാറ്റുന്നതാണ് ഒരു ക്രൈസ്തവന്റെ യഥാർഥ ലക്ഷ്യവും ദൗത്യവുമെന്ന തിരിച്ചറിവിലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിഎംഐ സഭയുടെ പ്രിയോര്‍ ജനറല്‍ ഫാ. പോള്‍ ആച്ചാണ്ടി അധ്യക്ഷത വഹിച്ചു. മന്ത്രി മോൻസ് ജോസഫ് വിശുദ്ധ ചാവറ അനുസ്മരണ പ്രഭാഷണം നടത്തി. ഫ്രാൻസിസ് ജോർജ് എംപി, സിഎംഐ സഭാ വികാരി ജനറൽ ഫാ. ബെന്നി നൽക്കര, തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. ടോമി കാട്ടാമ്പള്ളി, ജോസഫ് വാഴയ്ക്കൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ., മാന്നാനം ആശ്രമം പ്രിയോർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. 200 സ്നേഹഭവനങ്ങളുടെ നിർമാണോദ്ഘാടനം സിഎംഐ സഭയുടെ സാമൂഹിക പ്രവര്‍ത്തന, ആരോഗ്യപരിപാലന ജനറല്‍ കൗണ്‍സിലര്‍ ഫാ. ടോം അറയ്ക്കലിന് പ്രതീകാത്മകമായി താക്കോല്‍ നൽകി മുഖ്യമന്തി നിർവഹിച്ചു.