തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി ആദ്യത്തെ പ്രധാന ഇറക്കുമതി ചരക്കുനീക്കം കോട്ടയം പോർട്ടിലൂടെ. സ്വകാര്യ കന്പനിക്കായി ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 1,500 മെട്രിക് ടണ്‍ നാച്ചുറൽ റബറാണ് 60 കണ്ടെയ്നറുകളിലായി വിഴിഞ്ഞം തുറമുഖം വഴി എത്തിക്കുന്നത്.
മൂന്ന് ബിൽ ഓഫ് ലേഡിംഗുകളിലായി 20 കണ്ടെയ്നറുകൾ വീതമാണ് ചരക്കുനീക്കം ക്രമീകരിച്ചിരിക്കുന്നത്. കോട്ടയം ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയുടെ (ഐസിഡി) വികസനത്തിൽ നിർണായക മുന്നേറ്റത്തിന് ഇത് വഴിയൊരുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
നിലവിൽ മുംബൈ വഴി ട്രാൻസ്ഷിപ്മെന്റ് നടത്തി എത്തിക്കുന്ന ചരക്കുകൾ ലക്ഷ്യസ്ഥാനത്തെത്താൻ ഏകദേശം ഒരു മാസം വരെ എടുക്കാറുണ്ട്. ഈ കാലതാമസം ഒഴിവാക്കുന്നതിനായി പോർട്ട് ഓഫ് ഡെസ്റ്റിനേഷൻ ആയി വിഴിഞ്ഞം തുറമുഖത്തെ തെരഞ്ഞെടുത്തിരിക്കുകയാണ് സ്വകാര്യ കന്പനി.
വിഴിഞ്ഞത്തുനിന്ന് കണ്ടെയ്നറുകൾ കോട്ടയം ഐസിഡിയിലെത്തിച്ചായിരിക്കും തുടർനടപടികൾ പൂർത്തിയാക്കുക. സംസ്ഥാനത്തിന്റെ സമുദ്രവ്യാപാര-ലോജിസ്റ്റിക്സ് സാധ്യതകൾ വികസിപ്പിക്കുക എന്ന മിഷൻ സമുദ്രയുടെ വിശാലമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിലും ഈ നീക്കം നിർണായകമാകും.