കൊല്ലം: മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഭരണിക്കാവ് ബസ് സ്റ്റാൻഡിനു സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമള (65) ആണ് മരിച്ചത്. സംഭവത്തിൽ കൊലപാതകശ്രമത്തിന് കേസെടുത്ത പൊലിസ് മരുമകൻ വടക്കൻ മൈനാഗപ്പള്ളി സ്വദേശി കെ. ശിവനെ (41) അറസ്റ്റ് ചെയ്തു.
ഞായറാഴ്ചയായിരുന്നു സംഭവം. ഭർത്താവുമായി വഴക്ക് പതിവായതോടെ ശിവന്റെ ഭാര്യയായ രജനി ഞായറാഴ്ച വൈകിട്ട് അമ്മ ശ്യാമളയുടെ വീട്ടിലെത്തി. ഇതറിഞ്ഞ് ശിവൻ പിന്നാലെ എത്തി രജനീയുമായും ശ്യാമളയുമായും വഴക്കുണ്ടാക്കി. ആക്രമിക്കാനായി വന്ന ശിവനിൽനിന്നും രക്ഷനേടാൻ ഇരുവരും അയൽ വീട്ടിലേക്ക് ഓടി. പിന്തുടർന്നെത്തിയ ശിവൻ തടിക്കഷ്ണം ഉപയോഗിച്ച് രജനിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടയിൽ ശ്യാമളയ്ക്ക് അടിയേറ്റുവെന്നാണ് പൊലിസ് പറയുന്നത്.
തലപിളർന്ന് ഗുരുതരാവസ്ഥയിലായ ശ്യാമളയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഭരണിക്കാവിലെയും തുടർന്ന് അടൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കെ പുലർച്ചെ മൂന്നിനാണ് മരണം സംഭവിച്ചത്. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട ശിവനെ മുതുപിലാക്കാട്ടുനിന്നു പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.