വയനാട്: വിനോദ യാത്ര വിവാദത്തിന് പിന്നാലെ വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലാണ് സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ നൽകിയത്.
ചട്ടങ്ങൾ പാലിച്ചല്ല യാത്ര ചെയ്തതെന്നും മുൻകൂട്ടി അനുമതി തേടിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖ നേരത്തേ പുറത്തുവന്നിരുന്നു. വിനോദയാത്രയ്ക്ക് രണ്ടര മാസം മുമ്പ് തന്നെ ആർഡിഡിയോട് അനുമതി തേടിയിരുന്നു.
സ്കൂളിൽ നിന്നുള്ള പഠനയാത്രയ്ക്ക് ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറിൽ നിന്ന് അനുമതി തേടിയില്ല, രാത്രി യാത്ര നടത്തി, മൂന്ന് ദിവസം വരെ മാത്രമേ പഠനയാത്ര നടത്താവു എന്നിരിക്കെ അഞ്ച് ദിവസത്തെ യാത്ര നടത്തി എന്നീ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രിന്‍സിപ്പൽ ഷിവി കൃഷ്ണനെ മീനങ്ങാടി സ്കൂളിൽ നിന്ന് സ്ഥലം മാറ്റിയത്.
എന്നാൽ വിനോദ യാത്രയ്ക്ക് രണ്ടര മാസം മുൻപ് തന്നെ ആര്‍ഡിഡിയുടെ അനുമതിയ്ക്കായി സ്കൂളിൽ നിന്ന് അപേക്ഷ നൽകിയിരുന്നു. ഓഗസ്റ്റ് 14ന് ആണ് അപേക്ഷ നൽകിയത്. എന്നാൽ ആര്‍ഡിഡി ഓഫിസിൽ നിന്ന് മറുപടി ലഭിച്ചില്ല. സാധാരണ മറുപടി ലഭിക്കാറില്ലെന്നും ടൂർ കഴിഞ്ഞ് വന്ന ശേഷമൊക്കെയാണ് മറുപടി ലഭിക്കാറുള്ളതെന്നും സ്കൂൾ അധികൃതർ പറയുന്നു.