കണ്ണൂർ: പയ്യന്നൂരിൽ മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ നടത്തിയ വിവാദ പ്രസംഗത്തെ പൂർണ്ണമായും ന്യായീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് . നേരത്തേ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ കൊലവിളി പ്രസംഗം ആർക്കും പ്രശ്നമല്ലേയെന്നും, 'ചോരയ്ക്ക് ചോര' എന്ന് പറഞ്ഞ മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും രാഗേഷ് പ്രതികരിച്ചു.
വിഷയത്തിൽ മാധ്യമങ്ങൾ ഇരട്ടത്താപ്പ് കാണിക്കുകയാണ്. മുഖ്യമന്ത്രിയേക്കാൾ വലിയ ആളല്ല മധുസൂദനൻ. 'ചോരയ്ക്ക് ചോര' എന്നത് കടുത്ത പ്രയോഗമാണ്; അതിനേക്കാൾ വലുതല്ല 'പകരത്തിന് പകരം' എന്ന് പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ആരെങ്കിലും വിമർശിച്ചോ എന്ന് ചോദിച്ച രാഗേഷ്, ഇപ്പോൾ മധുസൂദനന്റെ പ്രസംഗത്തിൽ മാത്രം ഇത്ര ആവേശം കാണിക്കുന്നത് എന്തിനാണെന്നും പരിഹസിച്ചു.
ആദ്യം മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ വിവാദമുണ്ടാക്കിയിട്ട് വരാനാണ് മാധ്യമങ്ങളോട് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ധനരാജ് വധക്കേസിൽ പാർട്ടി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും രാഗേഷ് കൂട്ടിച്ചേർത്തു.
പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും, ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ടെങ്കിലും അവരാരും ഇന്ന് ജീവനോടെ ഇല്ലെന്ന് ഓർക്കണമെന്നുമായിരുന്നു പരാമർശം. സംഭവത്തിൽ മധുസൂദനനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതിരോധവുമായി സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.