Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : History

നെല്‍വയലുകള്‍ വഴിമാറിയ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ചരിത്രം; ഇഷ്ടിക ഒഴിവാക്കിയുള്ള നിര്‍മാണം

പേരൂര്‍ക്കട: 95-ാം വയസിലെത്തി നില്‍ക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് പറയാനുള്ളത് വിശാലമായ നെല്‍വയലുകള്‍ വഴിമാറിക്കൊടുത്ത ചരിത്രമാണ്. 1931 നവംബര്‍ നാലിന് സേതുലക്ഷ്മി ഭായി നാടിനു സമര്‍പ്പിച്ച റെയില്‍വേ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത് പൂര്‍ണമായും കരിങ്കല്ലില്‍! ഒരു ഇഷ്ടികപോലും നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടില്ല എന്നതാണ് അതിശയകരമായ വസ്തുത.

തിരുവനന്തപുരത്തിന്‍റെ റെയില്‍വേ ചരിത്രം തുടങ്ങുന്നത് തമ്പാനൂരിലല്ല, ചാക്കയിലാണ്. മദ്രാസ്-കൊല്ലം പാത 1918 ജനുവരി നാലിന് തിരുവനന്തപുരത്തേക്ക് നീട്ടിയപ്പോള്‍ ട്രെയിന്‍ എത്തി നിന്നത് ചാക്കയിലായിരുന്നു. അന്ന് ചാക്കയായിരുന്നു നഗരത്തിന്‍റെ വ്യാപാര കേന്ദ്രം. തിരുവനന്തപുരം സൗത്ത് സ്റ്റേഷനും വിമാനത്താവളത്തിനും ഇടയിലായിരുന്നു ആ സ്റ്റേഷന്‍. പിന്നീടാണ് പാത നഗരഹൃദയത്തിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ ദിവാന്‍ എം.ഇ. വാട്സിന്‍റെ വലിയ ശ്രമമുണ്ടായിരുന്നു. ഇതിനായി തെരഞ്ഞെടുത്തത് തമ്പാനൂരിലെ വിശാലമായ നെല്‍വയലുകള്‍ ആയിരുന്നു. ഇന്ന് കാണുന്ന സ്റ്റേഷനും ബസ് സ്റ്റാന്‍ഡും ഒക്കെ നില്‍ക്കുന്ന സ്ഥലത്ത് അന്ന് നെല്‍വയലുകളായിരുന്നു. 1928-ല്‍ അവിടെ നിര്‍മ്മാണം തുടങ്ങി. സേതുലക്ഷ്മി ഭായിയുടെ കാലത്തു പണിപൂര്‍ത്തിയാക്കി. മഹാറാണിതന്നെ ഉദ്ഘാടനവും നടത്തി.

എം-ബോസ് ചെയ്ത മുഖപ്പ്, ഉയര്‍ന്ന മേല്‍ക്കൂര, വലിയ വാതിലുകളും ജനലുകളും, വിശാലമായ വരാന്ത, മനോഹരമായ ഗോവണി, രണ്ട് വശത്തും ചെറിയ ടവറുകള്‍, നടുവില്‍ ക്ലോക്ക് ടവര്‍ എന്നിങ്ങനെ ഇന്നും കാണുന്ന രൂപം അന്നുമുതല്‍ക്കുതന്നെ ഉണ്ടായിരുന്നു.

ബ്രാഞ്ച് ലൈന്‍ സ്റ്റേഷന്‍ ആയിരുന്നിട്ടും വലിയ നഗരങ്ങളിലെ സ്റ്റേഷനുകള്‍ക്ക് തുല്യമായ രീതിയിലാണ് ഇത് പണിയിപ്പിച്ചത്. നിര്‍മ്മാണത്തിന് അന്ന് ചെലവായത് 25 ലക്ഷം രൂപയാണ്. തിരുവിതാംകൂര്‍ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് 1931-32 പ്രകാരം ആദ്യ വര്‍ഷം മുക്കാല്‍ക്കോടി രൂപ നഷ്ടം വന്നു.

സ്റ്റേഷന്‍ വന്നിട്ടും ആദ്യം പൊതുജനങ്ങള്‍ ട്രെയിനുകളില്‍ കയറാന്‍ കൂട്ടാക്കിയില്ല. ഭൂതത്തെ കൊണ്ടിറക്കി ബ്രിട്ടീഷുകള്‍ തങ്ങളെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന ഉത്തരേന്ത്യന്‍ ജനതയ്ക്കിടയിലെ ട്രെയിന്‍പേടി ഇവിടെയും ബാധിച്ചുവെന്നു വേണം കരുതാന്‍! പിന്നീട് പതുക്കെ പതുക്കെ ആണ് തമ്പാനൂര്‍ നഗരത്തിന്‍റെ ഹൃദയമായത്.

തുടക്കത്തില്‍ ഒരു പ്ലാറ്റ്‌ഫോമും രണ്ട് പാളങ്ങളും. പിന്നീട് എറണാകുളം-തിരുവനന്തപുരം പാത മീറ്റര്‍ ഗേജില്‍ നിന്ന് ബ്രോഡ് ഗേജ് ആക്കിയപ്പോള്‍ 1976ല്‍ രണ്ട് പ്ലാറ്റ്‌ഫോം കൂടി വന്നു. 1990ല്‍ നാലും അഞ്ചും പ്ലാറ്റ്‌ഫോമുകള്‍ പൂര്‍ത്തിയായി. 2004ല്‍ രണ്ടാമത്തെ ടെര്‍മിനല്‍ തുറന്നു. 2000-ല്‍ പവര്‍ ഹൗസ് റോഡ് ഭാഗത്ത് പടിഞ്ഞാറന്‍ പ്രവേശന കവാടം വന്നു. 2005 ഡിസംബര്‍ 30ന് വൈദ്യുതീകരണം പൂര്‍ത്തിയായി. ഇപ്പോള്‍ ദിനംപ്രതി 2.25 ലക്ഷം യാത്രക്കാര്‍ ഈ സ്റ്റേഷന്‍ ഉപയോഗിക്കുന്നു.

പഴയ നെല്‍വയലുകള്‍ തലപൊക്കിനിന്ന തമ്പാനൂരിലെ ഈറനണിഞ്ഞുകിടന്ന പാടം ഇപ്പോള്‍ ട്രെയിനുകള്‍ കൂകിപ്പായുന്ന സ്റ്റേഷനായി മാറിയ ചരിത്രം ഭാവനയില്‍ ഓര്‍ത്തെടുക്കാന്‍ മാത്രമേ പുതുതലമുറയ്ക്ക് സാധിക്കൂ.

Latest News

Corehub Up