തിരുവനന്തപുരം: എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ്.
കാര്യോപദേശക സമിതിയിൽ വിഷയം ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ഹോസ്റ്റൽ താക്കോൽ കൈമാറ്റ വേദിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഇക്കാര്യം പറയുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി 480 ഐപാഡുകൾ വാങ്ങാൻ കെൽട്രോൺ വഴി ടെൻഡർ ക്ഷണിച്ചു. 6.71 കോടി രൂപ ചെലവഴിച്ചാണ് ഐ പാഡ് വിതരണം.
മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്ലെറ്റുകൾ എന്നിവയുൾപ്പടെ വാങ്ങുന്നതിനുള്ള ചെലവ് പരിധി സർക്കാർ അടുത്തിടെ 1.5 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയായി ഉയർത്തിയിരുന്നു.