കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിലെ മറൈൻ എക്കോ സിറ്റി പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വഴിയൊരുങ്ങി. മുൻ സർക്കാരിന്റെ കാലത്തു പ്രാഥമിക തീരുമാനമെടുത്ത പദ്ധതിയുടെ തുടർനടപടികൾ പുരോഗമിച്ചിരുന്നില്ല.
സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ (കെഎസ്എച്ച്ബി) മേൽനോട്ടത്തിൽ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് നിർമാണം ആരംഭിക്കുന്നതു സംബന്ധിച്ച് ധാരണയിലെത്തിയത്.
സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ (കെഎസ്എച്ച്ബി) ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്നും ഒന്നാംഘട്ടത്തിൽ 3.16 ഏക്കർ സ്ഥലം ഉപയോഗിച്ചാണ് സംസ്ഥാന സർക്കാർ മറൈൻ എക്കോ സിറ്റി നിർമിക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം, മന്ത്രി മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ കൊച്ചി മറൈൻ എക്കോ സിറ്റി പദ്ധതിക്കായി വിശദമായ പരിശോധനയും ചർച്ചകളും സർക്കാർതലത്തിൽ നടത്തിയിരുന്നു.
കൊച്ചി മറൈൻ എക്കോ സിറ്റി പദ്ധതിയുടെ ആകെ നിർമാണ ചെലവ് 3394 കോടി രൂപയാണ്. പദ്ധതി പൂർത്തിയാകുമ്പോൾ സർക്കാരിനോ ഹൗസിംഗ് ബോർഡിനോ സാമ്പത്തികബാധ്യത വരാതെ, അത്യാധുനിക ഹോട്ടലും കൺവൻഷൻ സെന്ററും ഭവന നിർമാണ ബോർഡിന്റെ ഉടമസ്ഥതയിൽ ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്.
കൊച്ചിയിൽ നടന്ന യോഗത്തിൽ മന്ത്രി മോൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, ഹൗസിംഗ്ബോർഡ് സെക്രട്ടറി അലക്സ് വർഗീസ്, ചീഫ് എൻജിനിയർ എ. നൗഷാദ്, റീജണൽ എൻജിനിയർ എം.കെ. അഷിത, എക്സിക്യൂട്ടീവ് എൻജിനിയർ കെ.പി. വിജയൻ എന്നിവർ പ്രസംഗിച്ചു.