കൊച്ചി: രാത്രിയിൽ മുകളിലെ നിലയിലെ ശുചിമുറിയിൽ നിന്നുള്ള മലിനജലം വീണ് അഴുക്കായ യൂണിഫോമിട്ട് എങ്ങനെയാണ് പിറ്റേന്നു സ്കൂളിലേക്കു പോവുക..? ദുർഗന്ധമുള്ള യൂണിഫോമിൽ സ്കൂളിലെത്തിയാൽ കൂട്ടുകാർ കളിയാക്കും..!’’
പത്തു ദിവസത്തിലേറെയായി സ്കൂളിലെത്താത്ത തന്നെ തിരക്കി പള്ളുരുത്തിയിലെ വിദ്യാലയത്തിൽ നിന്നെത്തിയ അധ്യാപികയോടാണു പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി സങ്കടം പങ്കുവച്ചത്.
കൊച്ചി പി ആന്‍ഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിച്ച മുണ്ടംവേലി ലൈഫ്മിഷൻ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പന്ത്രണ്ടാം ക്ലാസുകാരിയുടെ ദയനീയമായ ഈ ചോദ്യം ഒറ്റപ്പെട്ടതല്ല. ഫ്ലാറ്റിലെ 78 കുടുംബങ്ങളിലായി താമസിക്കുന്ന 65 കുട്ടികൾക്കുമുണ്ട് സമാനമായ സങ്കടാനുഭവങ്ങൾ പറയാൻ.
അഴിമതിയും അതിരുവിട്ട രാഷ്ട്രീയവും കെടുകാര്യസ്ഥതയും കൈകോർത്തു കെട്ടിപ്പൊക്കിയ മുണ്ടംവേലി ഫ്ലാറ്റിന്റെ ദുരിതാവസ്ഥയ്ക്ക് ഈ കുട്ടികൾ എന്തു പിഴച്ചു..? എല്ലാ കുട്ടികളെയും പോലെ സ്കൂളിൽ പോകേണ്ട, മിടുക്കരായി പഠിക്കേണ്ട വിദ്യാർഥികൾക്കു തങ്ങളുടേതല്ലാത്ത കാരണത്താൽ വാസസ്ഥലത്തെ അരക്ഷിതസാഹചര്യങ്ങൾ മൂലം പഠനം അവതാളത്തിലാകുന്ന സ്ഥിതി.
അപ്പാർട്ട്മെന്റിലെ മുറികളിലേക്കു മഴവെള്ളവും ശുചിമുറി മാലിന്യവുമെല്ലാം ചോർന്നൊലിക്കുന്നത്, അവിടെ താമസിക്കുന്ന കുട്ടികളുടെ സ്കൂൾ അധ്യയനത്തെ ബാധിക്കുന്നതായി പി ആൻഡ് ടി അപ്പാർട്ട്മെന്റ് അസോസിയേഷന്റെയും സമരസമിതിയുടെയും പ്രസിഡന്റ് അഭിലാഷ് പി. പരമേശ്വരൻ ചൂണ്ടിക്കാട്ടി. ദിവസങ്ങളായി സ്കൂളിൽ പോകാത്ത കുട്ടികളുണ്ടെന്നറിഞ്ഞു സ്കൂൾ അധികൃതർ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണു വിദ്യാർഥികൾ നേരിടുന്ന ദുരവസ്ഥയെക്കുറിച്ചു മറ്റുള്ളവർ അറിഞ്ഞത്.
സ്കൂൾ യൂണിഫോമുകളും പഠനോപകരണങ്ങളും മലിനജലം ചോർന്ന് ഉപയോഗശൂന്യമായതിനാൽ, അഞ്ച് വിദ്യാർഥികൾ പത്തു ദിവസത്തിലധികം സ്കൂളിൽ പോയിരുന്നില്ല. നാലു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ പലർക്കും ക്ലാസുകൾ നഷ്ടമാകുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്പാര്‍ട്ട്മെന്റുകളിലെ ശൗചാലയത്തിലും അടുക്കളയിലും നിന്നുള്ള അഴുക്കു കലർന്ന വെള്ളം താഴെയുള്ള അപ്പാര്‍ട്ടുമെന്റുകളിലേക്ക് ഒലിച്ചിറങ്ങുന്നുണ്ടെന്നതുൾപ്പടെ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അമിക്കസ്ക്യൂറി ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് നൽകിയിരുന്നു. നിർമാണത്തിലെ അപാകതകളിലും അഴിമതികളിലും വിജിലൻസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
ഫ്ലാറ്റിനെച്ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങളിലും നിയമനടപടികളിലും വിവാദങ്ങൾ കൊഴുക്കുന്പോൾ അവിടത്തെ കുട്ടികളുടെ മാനസിക സംഘർഷങ്ങൾക്ക് ആര് ഉത്തരം നൽകുമെന്ന ചോദ്യം ബാക്കിയാണ്.
ബാലാവകാശ കമ്മിഷൻ കേസെടുത്തു
കൊച്ചി: മുണ്ടംവേലി ഫ്ലാറ്റിലെ ശോച്യാവസ്ഥയുടെ പേരിൽ വിദ്യാർഥികൾക്കു സ്കൂളിൽ പോകാനാവാത്ത സ്ഥിതി സംബന്ധിച്ചു സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. വിഷയത്തിൽ, തദ്ദേശ സ്വയംഭരണവകുപ്പ്, ലൈഫ് മിഷൻ, ജില്ലാ കളക്ടർ, കൊച്ചി കോർപറേഷൻ, ജിഡിഡിഎ എന്നിവരോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.