തൃശൂർ: എക്സൈസ് വകുപ്പിലെ വലിയൊരു വിഭാഗം ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നവരും അഴിമതിക്ക് ഒത്താശ ചെയ്യുന്നവരുമാണെന്ന മദ്യനിരോധനസമിതിയുടെ ആക്ഷേപത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നതാണു സ്ഥാനമൊഴിയുന്നതിനുമുമ്പ് എക്സൈസ് കമ്മിഷണർ വകുപ്പുമന്ത്രിക്കു നൽകിയ റിപ്പോർട്ടിലെ പരാമർശങ്ങളെന്നു കേരള മദ്യനിരോധനസമിതി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണം. സംസ്ഥാനത്തെ ഭൂരിപക്ഷം ബാറുകളിലും വിൽക്കുന്ന മദ്യത്തിന്റെ പകുതിയിലധികവും ഒൗദ്യോഗിക കണക്കിൽപെടാത്തതും നികുതി അടയ്ക്കാത്തതുമാണ്. ബിവറേജസ് കോർപറേഷന്റെ കണക്കുപ്രകാരം സംസ്ഥാനത്തെ ബാറുകൾ ഒരു ദിവസം ശരാശരി 72 ലിറ്റർ (എട്ടു കെയ്സ്) മദ്യം മാത്രമാണു കോർപറേഷനിൽനിന്നു വാങ്ങുന്നത്.
ബാറുകളിലെ യഥാർഥ വില്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഈ കണക്ക് സംശയങ്ങൾ ഉയർത്തുന്നു. ഈ സാഹചര്യത്തിൽ ബാറുകളിലെ മദ്യത്തിന്റെ വരവും വില്പനയും സ്റ്റോക്കും സംബന്ധിച്ചു പരിശോധന നടത്തണം. അട്ടപ്പാടിയിലെ മദ്യനിരോധനം എടുത്തുമാറ്റാനുള്ള ചിലരുടെ ശ്രമം ആദിവാസി കുടുംബങ്ങളുടെ നിലനില്പിനെ പ്രതികൂലമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.