മുഹമ്മ: ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മുഹമ്മ പഞ്ചായത്തിൽ കായിച്ചിറ വീട്ടിൽ കിരണിനെയാണ് (26) മുഹമ്മ പൊലിസ് പിടികൂടിയത്. മുഹമ്മ പൊലിസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ട ഇയാൾ നേരത്തെ കാപ്പ നിയമപ്രകാരം നടപടി നേരിട്ടയാളാണ്.
നവംബർ 16ന് രാത്രി 11.30ഓടെ മുഹമ്മ പുത്തനങ്ങാടിയിലുള്ള ബാറിന്റെ വളപ്പിലായിരുന്നു സംഭവം. ബാറിൽ സംഘം ചേർന്നിരുന്ന് സംസാരിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ട യുവാവിനെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. കല്ലും ആയുധവും ഉപയോഗിച്ചുള്ള മർദനത്തിൽ യുവാവിന്റെ മൂക്കിന്റെ അസ്ഥിയും നാലു പല്ലും പൊട്ടി. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.