ബുവേനോസ് ഐറിസ്: അധികാരമോഹങ്ങള്‍ക്കും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കും ഉപരിയായി പൊതുനന്മയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ജനാധിപത്യ സ്ഥാപനങ്ങള്‍ സംരക്ഷിക്കണമെന്നും അര്‍ജന്റൈൻ പ്രസിഡന്റ് ഹാവിയര്‍ മിലെയോടും രാജ്യത്തെ രാഷ്ട്രീയനേതൃത്വത്തോടും ആഹ്വാനം ചെയ്തു ലെയോ പതിനാലാമന്‍ മാര്‍പാപ്പ.
സാമ്പത്തികവളര്‍ച്ചയുടെ നേട്ടം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തണമെന്നും യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍തന്നെ ഭാവി കെട്ടിപ്പടുക്കാനുള്ള സാഹചര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അര്‍ജന്റീന സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പ തലസ്ഥാനമായ ബുവേനോസ് ഐറിസില്‍ പ്രസിഡന്റ് ഹാവിയര്‍ മിലെയെയും ഭരണനേതൃത്വത്തെയും നയതന്ത്രപ്രതിനിധികളെയും അഭിസംബോധന ചെയ്യുകയായിരുന്നു.
ജനാധിപത്യം അര്‍ജന്റീനയുടെ ചരിത്രപരമായ പൈതൃകമാണെന്നും അതു സംരക്ഷിക്കാന്‍ ഭരണാധികാരികള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. അഴിമതി ഭരണസ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കുമെന്നും നിയമവാഴ്ചയോടുള്ള ആദരവും സ്ഥാപനങ്ങളുടെ വിശ്വാസ്യതയും ജനാധിപത്യത്തിന്റെ നിലനില്പിന് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രകൃതിവിഭവങ്ങളുടെ വിനിയോഗം ജനങ്ങളുടെ ക്ഷേമവും പരിസ്ഥിതിസംരക്ഷണവും ഉറപ്പാക്കുന്ന രീതിയിലായിരിക്കണം. നിര്‍മിതബുദ്ധിയുടെ അതിവേഗ വളര്‍ച്ച ഉയര്‍ത്തുന്ന ധാര്‍മിക ഉത്തരവാദിത്വങ്ങളും ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ടെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ക്ലേപോളിലെ ഡോണ്‍ ഓറിയോണ്‍ കെയര്‍ സെന്ററിലെത്തിയ മാര്‍പാപ്പ ഭിന്നശേഷിക്കാരായ അന്തേവാസികളോടും പരിചാരകരോടുമൊപ്പം സമയം ചെലവഴിച്ചു. നാനൂറിലധികം പേര് കഴിയുന്ന കേന്ദ്രത്തിലെ സന്ദര്‍ശനത്തിനിടെ ഭിന്നശേഷിക്കാര്‍ സമൂഹത്തിന് ഭാരമല്ല, മറിച്ച് അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ബുവേനോസ് ഐറിസിലെ പ്ലാസ സാന്‍ മാര്ട്ടിനിലെത്തി അര്‍ജന്റീനയുടെ വിമോചനനായകന് ജനറല്‍ ഹൊസെ ഡി സാന്‍ മാര്‍ട്ടിന്റെ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. നഗരത്തിന്റെ ഔദ്യോഗിക താക്കോല്‍ മേയര്‍ ഹോര്‍ഹെ മാര്‍പാപ്പയ്ക്കു കൈമാറി.
നാളെവരെ അര്‍ജന്റീനയില്‍ തുടരുന്ന മാര്‍പാപ്പയ്ക്ക് വിവിധ നഗരങ്ങളിലായി തിരക്കിട്ട പരിപാടികളാണുള്ളത്. നാളെ വൈകുന്നേരം പെറുവിലേക്കു യാത്രയാകും. നാലു പതിറ്റാണ്ടിനുശേഷം ആദ്യമായാണ് ഒരു മാര്‍പാപ്പ അര്‍ജന്റീനയിലെത്തുന്നത്. അതിനാല്‍ത്തന്നെ രാജ്യം അത്യധികം ആവേശത്തോടെയാണു ഈ ദിനങ്ങള്‍ക്കായി ഒരുങ്ങിയത്.
ബുവേനോസ് ഐറിസിലെ ജോര്‍ജ് ന്യൂബെറി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയെ പ്രസിഡന്റ് ഹാവിയര്‍ മിലെ നേരിട്ടെത്തി സ്വീകരിച്ചു. മാര്‍പാപ്പ രാജ്യത്ത് എത്തിയതിന്റെ സന്തോഷസൂചകമായി ഇതേസമയം രാജ്യത്തെ എല്ലാ പള്ളികളിലും മണിനാദങ്ങള്‍ മുഴങ്ങി.
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് 20 ലക്ഷം വിശ്വാസികള്‍
ബുവേനോസ് ഐറിസ്: അര്‍ജന്റീന സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ രാവിലെ തലസ്ഥാനമായ ബുവേനോസ് ഐറിസിലെ മൊന്യുമെന്റോ ദെ ലൊസ് എസ്പാനൊലെസില് ലെയോ പതിനാലാമന്‍ മാര്‍പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് 20 ലക്ഷം വിശ്വാസികള്‍. മാര്‍പാപ്പയെ ഒരുനോക്ക് കാണുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനു വിശ്വാസികള്‍ തലേദിവസം രാത്രി മുതല്‍ തന്നെ നഗരവീഥികളില്‍ തമ്പടിച്ചിരുന്നു.
വത്തിക്കാന്‍ പതാകകള്‍ വീശിയും ‘ഓലെ, ഓലെ, ഓലെ, ലിയോണ്‍, ലിയോണ്‍’ എന്ന് ആര്‍ത്തുവിളിച്ചുമാണ് വിശ്വാസികള്‍ തങ്ങളുടെ ആത്മീയനേതാവിനെ വരവേറ്റത്. ആയിരത്തിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് പല വിശ്വാസികളും ഇവിടെയെത്തിയത്. മാര്‍പാപ്പ സഞ്ചരിച്ച പാതകള്‍ക്കിരുവശവും തിങ്ങിനിറഞ്ഞാണ് ജനക്കൂട്ടം എതിരേറ്റത്.
സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ പ്രതിഷ്ഠാ തിരുനാളിനോടനുബന്ധിച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ കുടുംബങ്ങളുടെ പ്രാധാന്യം മാര്‍പാപ്പ എടുത്തുപറഞ്ഞു. പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും നിറഞ്ഞ ലോകത്ത് കുടുംബങ്ങള്‍ ഐക്യത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കേന്ദ്രങ്ങളായി മാറണം. റോമിലെ ബിഷപ്പിന്റെ കത്തീഡ്രലായ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്ക ലോകമെമ്പാടുമുള്ള സഭകളുടെ ഐക്യത്തിന്റെ അടയാളമാണെന്നും മാര്‍പാപ്പ പറഞ്ഞു.