തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലായെന്ന് ആരോപിച്ച് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹികൾ ഇന്നു രാവിലെ പത്ത് മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, വൈസ് പ്രസിഡന്റ് ശരണ്യ മനോജ് എന്നിവരാണ് രാവിലെ 10 മുതൽ റിലേ നിരാഹാര സമരത്തിന് തുടക്കം കുറിക്കുന്നത്. എസ്ടിയു സംസ്ഥാന പ്രസിഡന്റ് എം.റഹ്മത്തുള്ള എംഎൽഎ സമരം ഉദ്ഘാടനം ചെയ്യുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
ഡീസലിനും ബസ് അറ്റകുറ്റപ്പണികൾക്കാവശ്യമായ സ്പെയർ പാർട്സുകൾ, ടയറുകൾ, ഓയിൽ, ചേസിസ്, ബോഡി നിർമാണ സാമഗ്രികൾ എന്നിവയ്ക്കും വില വർധിച്ച സാഹചര്യത്തിൽ സ്വകാര്യ ബസുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാണെന്നാണ് ഫെഡറേഷന്റെ വാദം.
പ്രിയദർശിനി പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ വരുമാനം ഗണ്യമായി കുറഞ്ഞു. ഡീസൽ ചെലവിനും ജീവനക്കാർക്ക് മാന്യമായ വേതനം നൽകുന്നതിനും ആവശ്യമായ വരുമാനം ലഭിക്കുന്നില്ലെന്നും ഭാരവാഹികൾ ആരോപിച്ചു.