ആലപ്പുഴ: കരിയിലക്കുളങ്ങര മാളിയേക്കൽ ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പള്ളിപ്പാട് സ്വദേശി ഖലീൽ (37) ആണ് മരിച്ചത്. ഹരിപ്പാട് ഹുദാ ട്രസ്റ്റ് സ്കൂളിലെ ഡ്രൈവറായിരുന്നു ഖലീൽ.
ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ ആയിരുന്നു സംഭവം. കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് അമിത വേഗത്തിലെത്തിയ കാറും ഖലീൽ സഞ്ചരിച്ചിരുന്ന ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു. ബുള്ളറ്റ് ദേശീയപാതയിലേക്ക് കടക്കുന്നതിനിടെ ആയിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിന്റെ എൻജിൻ ഭാഗം വേർപെട്ട് രണ്ടായി പിളർന്നു. കാർ ഡ്രൈവർക്കും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഖലീലിന്റെ മൃതദേഹം കായംകുളം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.