കോഴിക്കോട്: മാളിക്കടവ് ഗവ. ഐടിഐയില്‍ കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗത്തിന് നേരെ എസ്എഫ്ഐ ആക്രമണം. കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ജാനിബിന് നേരെയാണ് ആക്രമണമുണ്ടായത്.
25 ഓളം എസ്എഫ്ഐ പ്രവര്‍ത്തകരാണ് ജാനിബിനെ ആക്രമിച്ചതെന്ന് കെഎസ്യു ആരോപിച്ചു. ഐടിഐയിലെ യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ കെഎസ്യു പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുനിർത്തിയിരുന്നു.
ഇതേകുറിച്ച് കോളജ് അധികൃതരോട് അന്വേഷിക്കാനെത്തിയതായിരുന്നു ജാനിബ്. പ്രിന്‍സിപ്പലുമായി സംസാരിച്ച് മടങ്ങുന്നതിനിടെയാണ് നടുറോഡില്‍ വച്ച് എസ്എഫ്ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദിച്ചത്. ബൈക്കിന്റെ ചാവി, ഇടിവള, കരിങ്കല്ല് എന്നിവ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ജാനിബിന്റെ കണ്ണിനും ചെവിക്കും തലയ്ക്കും കൈയ്ക്കും ഇടിച്ചതായും ദേഹത്ത് ചവിട്ടി വീഴ്ത്തിയതായും കെഎസ്യു ആരോപിച്ചു.
കണ്ണിനും തലയ്ക്കും തോളെല്ലിനും ചെവിക്കും സാരമായി പരിക്കേറ്റ ജാനിബിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.