കൊച്ചി: ജോലിസംബന്ധമായ കാര്യത്തിന് വിദേശത്തേക്കു പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അനധികൃത സ്വത്തുസമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിന് ജെ. തച്ചങ്കരിയുടെ ഹര്‍ജി.
ഷാര്‍ജയിലെ സ്വര്‍ണവ്യാപാര സ്ഥാപനത്തില്‍ ഓപ്പറേറ്റിംഗ് മാനേജരായി ജോലിയുണ്ടെന്നും മറ്റൊരു ഐടി കണ്‍സള്‍ട്ടന്‍സി സ്ഥാപന നടത്തിപ്പില്‍ പങ്കാളിത്തമുണ്ടെന്നും പോയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് ഈ മാസം 26ന് വിദേശയാത്രയ്ക്ക് അനുമതി തേടി ഉപഹര്‍ജി നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ നിലപാട് തേടിയ ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഹര്‍ജി നവംബര്‍ രണ്ടിനു പരിഗണിക്കാന്‍ മാറ്റി.
നാലുവര്‍ഷം തടവിനും 30,84,892 രൂപ പിഴയടയ്ക്കാനുമുള്ള കോട്ടയം വിജിലന്‍സ് കോടതി വിധിക്കെതിരേ നല്കിയ അപ്പീലിന്റെ ഭാഗമായി ശിക്ഷ ഹൈക്കോടതി ഡിവിഷന് ബെഞ്ച് മരവിപ്പിച്ചതിനാല്‍ ഉപാധികളോടെ ജാമ്യത്തില്‍ കഴിയുകയാണ് തച്ചങ്കരി. ഇപ്പോള്‍ ജയിലില്‍നിന്ന് ഇറങ്ങിയതല്ലേയുള്ളൂവെന്നും കുറച്ച് കഴിയട്ടെയെന്നും ഹർജി പരിഗണിക്കവേ കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.
പിഴത്തുകയുടെ 75 ശതമാനം കെട്ടിവയ്ക്കണമെന്നതടക്കം ജാമ്യം അനുവദിച്ചപ്പോഴുള്ള വ്യവസ്ഥകളെല്ലാം പാലിച്ചെന്ന് തച്ചങ്കരി ഹര്‍ജിയില്‍ പറയുന്നു. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്ന ഉപാധി പാലിക്കാനാണ് ഉപഹര്‍ജി നല്‍കിയത്.
വിജിലന്‍സ് കോടതി നടപടികളുമായി പൂര്‍ണമായും സഹകരിച്ചിരുന്നു. തന്റെ വീടും ബന്ധുക്കളും സ്വത്തുവകകളും ഇവിടെയാണുള്ളത്. വിദേശയാത്ര നിയമനടപടികളില്‍നിന്ന് ഒളിച്ചോടാനല്ലെന്നും അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.