കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇയെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ആലപ്പുഴ സ്വദേശികളായ കെ.ഡി. ബാബു, ശ്രീരാജ് എന്നിവരെയാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്.
ഡിഎൽ 1 കോച്ചിലെ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റിൽ ഇരുവരും ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ടിടിഇ ടിൻസൺ തോമസ്, സംശയം തോന്നി ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് യാത്രക്കാരിൽ ഒരാൾ ടിൻസൺ തോമസിനെ പുറത്തേക്ക് തള്ളിയിടുകയും വാതിൽ ഉള്ളിൽ നിന്ന് അടയ്ക്കാൻ ശ്രമിക്കുകയുമായിരുന്നു.
ട്രെയിൻ നീങ്ങിത്തുടങ്ങിയ സമയത്ത് വാതിലിൽ മുറുകെപ്പിടിച്ച് തൂങ്ങിക്കിടന്നതിനാലാണ് ടിൻസൺ തോമസ് ട്രാക്കിലേക്ക് വീഴാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ടിടിഇ വാതിലിൽ തൂങ്ങിക്കിടക്കുന്നതും നിലവിളിയും ശ്രദ്ധയിൽപ്പെട്ട ട്രെയിൻ മാനേജർ ഉടൻ അടിയന്തര ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തിയതോടെയാണ് വലിയ അപകടം ഒഴിവായത്. സംഭവത്തിൽ ടിൻസൺ തോമസ് ദക്ഷിണ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.