കാഞ്ഞിരപ്പളളി: മേരിക്വീൻസ് മിഷൻ ആശുപത്രി സ്ഥാപിതമായിട്ട് എഴുപതാം വർഷത്തിലേക്കു കടക്കുന്ന വേളയിൽ ആശുപത്രി സന്ദർശിച്ച് വത്തിക്കാൻ പ്രതിനിധിയും വത്തിക്കാൻ കമ്യൂണിക്കേഷൻസ് വിഭാഗത്തിലെ തിയോളജിക്കൽ - പാസ്റ്ററൽ വിഭാഗം ഡയറക്ടറുമായ ഡോ. നതാഷ ഗോവേക്കർ.
ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ആശുപത്രിയുടെ എഴുപതാം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും മേരിക്വീൻസ് ഗ്ലോബൽ കണക്ട് പ്രൊജക്ട് ഉദ്ഘാടനവും ഡോ. നതാഷ ഗോവേക്കർ നിർവഹിച്ചു.
ആശുപത്രിയിൽ മുൻകാലങ്ങളിൽ സേവനം ചെയ്ത് നിലവിൽ മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മകൾ ഉൾപ്പെടെ വിവിധ പദ്ധതികൾ മേരിക്വീൻസ് ഗ്ലോബൽ കണക്ട് വഴി നടപ്പിലാകും. ചടങ്ങിൽ മേരി ക്വീൻസ് ജീവനക്കാരിൽ നിന്നു അർഹരായ ഒരു വ്യക്തിക്ക് നിർമിച്ച് നൽകുന്ന ആറാമത്തെ ചാവറ ഹോം പദ്ധതിക്കും തുടക്കമായി.
ആശുപത്രി ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ അധ്യക്ഷത വഹിച്ചു. റാസ ആർട്സ് സ്പേസ് ഡയറക്ടർ ഫാ. ജോബി കൂടപ്പാട്ട് സിഎംഐ, ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സിഎംഐ, ഫാ. സിറിൾ തളിയൻ സിഎംഐ, ഫാ. ടിസൺ കോച്ചേരിൽ സിഎംഐ തുടങ്ങിയവർ പ്രസംഗിച്ചു.