തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് അടുപ്പുകൂട്ടാൻ ഉപയോഗിക്കുന്ന ചുടുകട്ടകൾ മാറ്റി, പുനരുപയോഗിക്കാവുന്ന ഇരുമ്പ് അടുപ്പുകൾ കൊണ്ടുവരണമെന്ന മേയർ വി.വി. രാജേഷിന്റെ നിർദേശം വലിയ വിവാദങ്ങൾക്കും സംശയങ്ങൾക്കും വഴിവച്ചിരിക്കുകയാണ്. മാലിന്യപ്രശ്നവും പൊടിശല്യവും ഒഴിവാക്കാനാണ് നീക്കമെന്ന് കോർപറേഷൻ വിശദീകരിക്കുമ്പോഴും, ഇതിന് പിന്നിൽ അഴിമതി ലക്ഷ്യമിട്ടുള്ള 'ഡീലുകൾ' നടക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.
നിർമാതാക്കളുമായി ധാരണയുറപ്പിച്ച ശേഷമാണ് മേയറുടെ ഏകപക്ഷീയ പ്രഖ്യാപനമുണ്ടായതെന്ന ഗുരുതര ആരോപണവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയിട്ടുണ്ട്. പ്രഖ്യാപനത്തിന് പിന്നാലെ ഇരുമ്പ് അടുപ്പ് നിർമാതാക്കൾ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെ സമീപിച്ചതും അഴിമതിയുടെ സൂചനയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിശ്വാസസംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കമ്മീഷന് വേണ്ടി വിശ്വാസലംഘകരായി മാറുകയാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. ശുചിത്വമിഷൻ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും, തുരുമ്പെടുത്ത് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന അടുപ്പുകൾ ആവശ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, വിഷയത്തിൽ തങ്ങളുമായി നഗരസഭ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പൊങ്കാലയ്ക്ക് ശേഷം ചുടുകട്ടകൾ നീക്കം ചെയ്യാൻ മാത്രം കോർപറേഷന് 12 ലക്ഷം രൂപ ചെലവായെന്നും, വൻതുക ശുചീകരണത്തിനായി മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശമെന്നുമാണ് മേയറുടെ വിശദീകരണം.
എന്നാൽ, തലമുറകളായി പിന്തുടരുന്ന ആചാരരീതിയിൽ മാറ്റം വരുത്തുന്നതിനെ ഭക്തർ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക ശക്തമാണ്. ലക്ഷക്കണക്കിന് അടുപ്പുകൾ എങ്ങനെ എത്തിക്കും, നിർമാണച്ചെലവ് ആര് വഹിക്കും, ഉപയോഗശേഷം ഇവ തിരികെയെടുത്ത് സൂക്ഷിക്കാനുള്ള സംവിധാനമെന്ത്, പൊള്ളലിനും അപകടങ്ങൾക്കും ഇത് കാരണമാകുമോ തുടങ്ങിയ നിരവധി പ്രായോഗിക ചോദ്യങ്ങളും ഉയരുന്നുണ്ട്. പ്രതിപക്ഷത്തിന്റെയും പൊതുജനങ്ങളുടെയും ഭക്തരുടെയും പിന്തുണയില്ലാത്ത ഈ നിർദേശം മാലിന്യനിർമാർജനത്തിനപ്പുറം സാമ്പത്തിക താൽപ്പര്യങ്ങളിലേക്കാണോ വിരൽചൂണ്ടുന്നതെന്ന ചർച്ചയാണ് തലസ്ഥാനത്ത് ചൂടുപിടിക്കുന്നത്.