കോട്ടയം: കേരള അസോസിയേഷന് ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ 2026ലെ പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്ക് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാമൂഹിക പ്രവര്‍ത്തന മേഖലയിലും അക്കാദമിക രംഗത്തും നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് മുന്‍ അധ്യാപകനും സാമൂഹിക പ്രവര്‍ത്തകനുമായ ഫാ. ഡോ. ജോണ്സണ് എക്സ്. പാലയ്ക്കാപ്പിള്ളിലിന് (ഫാ. പ്രശാന്ത്) കാപ്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിക്കും.
ഫാ. ഡോ. ജോണ്സണ് എക്സ്. പാലയ്ക്കാപ്പിള്ളില്‍ 1997 മുതല്‍ രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ സോഷ്യല്‍ വര്‍ക്ക് ഫാക്കല്‍റ്റിയായും പിന്നീട് എസ്എച്ച് കോളജ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ വിവിധ സാമൂഹ്യ വികസന ഏജന്‍സികളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസിലെ അസോസിയേറ്റ് പ്രഫ. ഡോ. കെ.ആര്. അനീഷ് സോഷ്യല്‍ വര്‍ക്ക് ഗുരുശ്രേഷ്ഠ അവാര്‍ഡിന് അര്‍ഹനായി. കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അഥോറിറ്റിയിലെ ഡോ. ജി. രാഗേഷ്, സംസ്ഥാന സാക്ഷരതാ മിഷന് അഥോറിറ്റി കണ്ണൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ എന്നിവര്‍ സോഷ്യല്‍ വര്‍ക്ക് കര്‍മശ്രേഷ്ഠ അവാര്‍ഡിനു അര്‍ഹരായി.
മാന്നാനം കെഇ കോളജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. എലിസബത്ത് അലക്സാണ്ടര്‍ യുവശ്രേഷ്ഠ അധ്യാപക അവാര്‍ഡിനും വനിതാ ശിശുവികസന വകുപ്പ് എറണാകുളം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാനോ ജോസ്, കോട്ടയം വനിതാ-ശിശുവികസന വകുപ്പ് സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍ ആന്‍ഡ് ട്രെയിനര്‍ ബി. മീര എന്നിവര്‍ യുവശ്രേഷ്ഠ പ്രാക്ടീഷനര്‍ അവാര്‍ഡിനും അര്‍ഹരായി.
കൊല്ലം അമൃത വിശ്വവിദ്യാപീഠത്തില്‍ ഡിസംബര്‍ 14, 15 തീയതികളില്‍ നടക്കുന്ന കേരള സോഷ്യല്‍ വര്‍ക്ക് കോണ്‍ഗ്രസിന്റെ സമാപനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.