റാസൽഖൈമ: റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ തലശേരി സ്വദേശിനി സങ്കീർത്തന സുരേഷും. ദുബായിലെ പുതിയ ജോലിയിൽ ഇന്ന് പ്രവേശിക്കാനിരിക്കെയാണ് സങ്കീർത്തനയെ മരണം തേടിയെത്തിയത്.
നേരത്തെ അബുദാബിയിൽ ജോലി ചെയ്യുകയായിരുന്ന സങ്കീർത്തനയ്ക്ക് ദുബായിൽ പുതിയ ജോലി ലഭിച്ചിരുന്നു. ഇതിനായി ഒമാനിൽ പോയി വിസ പുതുക്കി മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടത്. സങ്കീർത്തനയുടെ സഹോദരനും യുഎഇയിലാണ് ജോലി ചെയ്യുന്നത്.
റാസൽഖൈമ തെക്കൻ മേഖലയിലെ അൽ വതൻ റോഡിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ഹേമന്തിനും(29) ജീവൻ നഷ്ടപ്പെട്ടിരുന്നു. വഴിയരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് 41 യാത്രക്കാരുമായി എത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. ഒമാനിൽ സന്ദർശക വിസ പുതുക്കാൻ പോയി മടങ്ങിയവരായിരുന്നു ബസിലുണ്ടായിരുന്നവർ.
അപകടത്തിൽ 11 പേർ സംഭവസ്ഥലത്ത് വെച്ചും രണ്ടുപേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മരിച്ച 13 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് വിവരം. മരിച്ചവരിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. അപകടത്തിൽ പരിക്കേറ്റ 14 പേർ റാസൽഖൈമയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.