140 അംഗ ദൗത്യസംഘം, നാല് വെറ്ററിനറി സർജൻമാർ, തെർമൽ ഡ്രോണുകൾ, ആർആർടി സംഘം, കരുത്തരായ രണ്ട് കുങ്കിയാനകൾ... സന്നാഹങ്ങൾ ചെറുതല്ല. ലക്ഷ്യം ഒന്നുമാത്രം; ചിന്നക്കനാലിലെ ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുക. എന്നാൽ എല്ലാ ഒരുക്കങ്ങളെയും കണക്കുകൂട്ടലുകളെയും വെല്ലുവിളിച്ച് കാട്ടുകൊമ്പന്റെ ഒളിച്ചുകളി തുടരുകയാണ്.
രണ്ട് ദിവസം നീണ്ട ദൗത്യത്തിലും ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനായില്ല. ഒരിടത്ത് കണ്ടെത്തുമ്പോൾ ആന മറ്റൊരിടത്തേക്ക് നീങ്ങും. മയക്കുവെടിക്ക് അനുയോജ്യമായ സ്ഥലത്തെത്തുമ്പോൾ കാടും ഏലച്ചെടികളും തടസമാകും. അതുമല്ലെങ്കിൽ കാലാവസ്ഥ വില്ലനാകും. അങ്ങനെ ഓരോ നീക്കത്തിലും പുതിയ വെല്ലുവിളികൾ ഉയർത്തി ചക്കക്കൊമ്പൻ വനംവകുപ്പിനെ വട്ടംകറക്കുകയാണ്.
ഒന്നാം ദിനത്തിൽ തിരിച്ചടിയായത് കാടും കാലാവസ്ഥയും
ചക്കകൊമ്പനെ പിടികൂടുന്നതിനായി ബുധനാഴ്ച പുലർച്ചെ നാലിന് തന്നെ മിഷൻ ആരംഭിച്ചിരുന്നു. ഹൈറേഞ്ച് സിസിഎഫ് ഡി.കെ.വിനോദ് കുമാർ, മൂന്നാർ ഡിഎഫ്ഒ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കളത്തിലിറങ്ങിയത്. നാല് വെറ്ററിനറി സർജൻമാരുൾപ്പെടുന്ന 24 അംഗ പ്രത്യേക സംഘവും ആർആർടി സംഘവും സജ്ജമായിരുന്നു. പൊന്നുസ്വാമി എസ്റ്റേറ്റ് ഭാഗത്ത് കണ്ടെത്തിയ കൊമ്പൻ എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് ആനയിറങ്കൽ ഡാമിനു സമീപത്തേക്കും തുരുത്തിലേക്കും നീങ്ങി.
ഇതാണ് ആദ്യ തിരിച്ചടിയായത്. ജലാശയത്തിന് സമീപത്തുനിന്ന് മയക്കുവെടിവെച്ചാൽ ആന വെള്ളത്തിൽ വീണ് അപകടമുണ്ടാകാനുള്ള സാധ്യതയുണ്ടായിരുന്നു. ഇതോടെ ദൗത്യസംഘത്തിന് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. ഉച്ചയ്ക്കുശേഷം അനുകൂല സാഹചര്യം ലഭിച്ചപ്പോൾ ആദ്യ ഡോസ് മയക്കുവെടിവച്ചു. എന്നാൽ ഉയരമുള്ള പുല്ലും ഇടതൂർന്ന കാടും കാരണം ഡാർട്ട് ആനയുടെ ശരീരത്തിൽ കൃത്യമായി തുളച്ചുകയറിയില്ല.
മയക്കത്തിന്റെ ലക്ഷണങ്ങൾ കാണിച്ചെങ്കിലും ആന മയങ്ങിയില്ല. തുടർന്ന് രണ്ടാമതും മയക്കുവെടിവച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ഇതിനിടെ കനത്ത മൂടൽമഞ്ഞും മഴയും ശക്തമായതോടെ ദൗത്യം കൂടുതൽ ദുഷ്കരമായി. തുടർച്ചയായി 12 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആദ്യദിനത്തെ ദൗത്യം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.