ഇടുക്കി: ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് താത്കാലികമായി അവസാനിപ്പിച്ചു. ആദ്യ ഡോസ് മയക്കുവെടി വെച്ചിട്ടും ആന മയങ്ങാത്തതും രണ്ടാമത്തെ വെടി ലക്ഷ്യത്തിൽ കൊള്ളാത്തതുമാണ് ദൗത്യം അവസാനിപ്പിക്കാൻ കാരണമായത്. ഉച്ചയ്ക്ക് 3.38ന് ഓമനക്കുഴി ഭാഗത്തുവെച്ചാണ് ചക്കക്കൊമ്പന് ആദ്യ ഡോസ് മയക്കുവെടി വെച്ചത്.
വെടിയേറ്റതിനു പിന്നാലെ അൽപദൂരം ഓടിയ ആന പിന്നീട് നിലയുറപ്പിച്ചു. മയക്കത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടോയെന്ന് ദൗത്യസംഘം നിരീക്ഷിച്ചെങ്കിലും ആന മയങ്ങിയില്ല. തുടർന്നാണ് രണ്ടാമത്തെ ഡോസ് നൽകാൻ ശ്രമിച്ചത്. എന്നാൽ വെടി ആനയ്ക്ക് കൊള്ളാതെ പോയി. ഇതിനിടെ കാലാവസ്ഥയും പ്രതികൂലമായതോടെ ഇന്നത്തെ ദൗത്യം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
ദൗത്യത്തിനായി കുങ്കിയാനകളെ സിമന്റ് പാലത്തെ ബേസ് ക്യാമ്പിൽ നിന്ന് ഓമനക്കുഴിയിലേക്ക് മാറ്റി. അതേസമയം ചക്കക്കൊമ്പനെ ഇന്ന് രാത്രി മുഴുവൻ നിരീക്ഷിക്കും. നാളെ പുലർച്ചെ 4.30ഓടെ ദൗത്യം പുനരാരംഭിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.