കൊച്ചി: അങ്കമാലിയിലെ കേരള ഗ്ലോബല്‍ ഡിജിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും ആറു മന്ത്രിമാരും പിന്മാറി. സംഘാടനത്തിലുള്ളവരില് ചിലര്‍ തട്ടിപ്പുകേസിൽ ഉള്‍പ്പെട്ടവരാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു പിന്മാറ്റം.
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ബിന്ദു കൃഷ്ണ, റോജി എം. ജോണ്‍, ഒ.ജെ. ജെനീഷ്, പി.സി. വിഷ്ണുനാഥ്, ഷിബു ബേബി ജോണ്‍ തുടങ്ങിയവരാണു പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഇവരാരും പങ്കെടുത്തില്ല. അതേസമയം, തനിക്കെതിരേയുള്ളത് വ്യാജ പരാതിയാണെന്ന് സംഘാടകനായ ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓര്ഗനൈസേഷന് പ്രസിഡന്റ് ആസിഫ് ഇക്ബാല്‍ അവകാശപ്പെട്ടു.
ബ്ലൂ ക്ലൗഡ് ഇ ഡോട് കോം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണു സമ്മിറ്റ് സംഘടിപ്പിക്കുന്നത്.പരിപാടിയില്‍ പങ്കെടുക്കുന്ന ഡിപ്ലോമാറ്റുകളുടെ സംഘാടന ചുമതല ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷനാണ്. എന്നാല്‍, ആസിഫ് ഇക്ബാലിനെതിരായ കേസിനെക്കുറിച്ച് അറിയില്ലെന്ന് ബ്ലൂ ക്ലൗഡ് കമ്പനി വ്യക്തമാക്കി.
ഒന്നരക്കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസാണ് ആസിഫ് ഇക്ബാലിനെതിരേ ഉണ്ടായിരുന്നത്. ഇതു കോടതി തള്ളിയ കേസാണെന്നാണ് ആസിഫ് അവകാശപ്പെടുന്നത്. രണ്ടു ദിവസമാണ് അങ്കമാലിയില്‍ പരിപാടി നടക്കുന്നത്.