ചങ്ങനാശേരി: ആറു മാസം പിന്നിടുന്ന വി.ഡി. സതീശന് സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാന് പ്രവര്‍ത്തനത്തിനും വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ അറിയിച്ച് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. പാറേല്‍ പള്ളിയില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ആർച്ച്ബിഷപ്.
വയോജന രേഖയുടെ പേരില്‍ തങ്ങളുടെ വയോജന സ്ഥാപനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ആര്‍ച്ച്ബിഷപ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. ആര്‍ച്ച്ബിഷപ്പിന്റെ അഭ്യര്‍ഥനയോട് മുഖ്യമന്ത്രി വേദിയിലിരുന്ന് അനുഭാവപൂര്‍വമാണ് പ്രതികരിച്ചത്.
അടുത്തവര്‍ഷം ചങ്ങനാശേരി അതിരൂപതാ പരിധിയിലുള്ള എല്ലാവരോടും ചേര്‍ന്ന് പരിസ്ഥിതി സംരക്ഷണത്തിനായി ഹരിതസ്പര്‍ശം പദ്ധതി നടപ്പാക്കും. ഫ്രാന്‍സിസ് പാപ്പായുടെ ലൗദാത്തോസി എന്ന ചാക്രികലേഖനത്തിന്റെ ചുവടുപിടിച്ച് പരിസ്ഥിതി ആത്മീയതയ്ക്കായി നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിനുവേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
കുരിശിലെ ക്ഷമയുടെ സന്ദേശം മതിലുകള്‍ കെട്ടി സംരക്ഷിക്കാവുന്നതല്ലെന്ന ബോധ്യം നമുക്കുണ്ടാകണം. മനുഷ്യരെ ഭിന്നിപ്പിക്കുന്ന ശക്തികള്‍ എല്ലാ കാലത്തുമുണ്ട്. സൗഹൃദവും സാഹോദര്യവും കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനാലാണ് നമ്മുടെ പ്രിയങ്കരരായ നേതാക്കളെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്നും ആർച്ച്ബിഷപ് പറഞ്ഞു.
പാറേല്‍ ബസിലിക്ക സന്ദര്‍ശിച്ചപ്പോള്‍ സെന്റ് പീറ്റേഴ്സ് ബസിലിക്ക ഓര്മ വന്നെന്ന് ശിവഗിരിമഠം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ഋതംബരാനന്ദ പറഞ്ഞു. സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്ന അദ്ദേഹം.
വിശ്വാസം നമ്മെ പരസ്പരം ബന്ധിതരാക്കുന്നതിനുള്ളതാണെന്നും പരസ്പര കലഹങ്ങള്ക്കുള്ളതല്ലെന്നും ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്ന അദ്ദേഹം. വിശ്വാസികള്‍ പരസ്പരം സ്നേഹിക്കാനും സഹവര്‍ത്തിത്വത്തോടെ കഴിയാനുമുള്ള സന്ദേശമാണ് ഇവിടെ സംഘടിപ്പിച്ച സമ്മേളനമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.