മണര്‍കാട്: ആഗോള മരിയന്‍ തീര്‍ഥാടനകേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ സ്ഥാപിതമായ കാലം മുതല്‍ അന്ത്യോഖ്യാ സിംഹാസനത്തിന്റെ ആത്മീയ മേല്ക്കോയ്മയിലും പാത്രിയര്‍ക്കീസ് ബാവമാരുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചുവരുന്ന ദേവാലയമാണെന്ന് കത്തീഡ്രല്‍ ഭാരവാഹികള്‍.
മണര്‍കാട് പള്ളി ഓര്‍ത്തഡോക്സ് സഭയുടേതാണെന്ന തരത്തില്‍ സമീപകാലത്ത് വിവിധ പത്രക്കുറിപ്പുകളിലൂടെയും വാർത്താസമ്മേളനങ്ങളിലൂടെയും പ്രചരിപ്പിക്കപ്പെടുന്ന പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് പള്ളിയുടെ ചരിത്രപരമായ പാരമ്പര്യവും സഭാപരമായ ബന്ധവും വ്യക്തമാക്കി ഭാരവാഹികള്‍ രംഗത്തെത്തിയത്.
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ ഇപ്പോഴത്തെ സന്ദര്‍ശനവും വിശുദ്ധ കുര്‍ബാന അര്‍പ്പണവും പള്ളിയുടെ ചരിത്രത്തില്‍ ആദ്യമായി സംഭവിക്കുന്നതല്ലെന്നും മറിച്ച് ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന സഭാപരമായ ബന്ധത്തിന്റെയും ആരാധനാ പാരമ്പര്യത്തിന്റെയും സ്വാഭാവിക തുടര്‍ച്ചയാണെന്നും അവര്‍ പറഞ്ഞു.
1982 ഫെബ്രുവരി 26നു പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ മണര്‍കാട് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ അരക്കച്ചയുടെ (സുനോറോ) അംശം സ്ഥാപിക്കുകയും 27ന് അദ്ദേഹം ഇവിടെ വിശുദ്ധ മൂറോന്‍ കൂദാശ നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.
തുടര്‍ന്ന് 2004ല്‍ ഇതേ പാത്രിയര്‍ക്കീസ് ബാവ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ദേവാലയത്തെ കത്തീഡ്രല്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ആഗോള മരിയന്‍ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു. 2008ലും അദ്ദേഹം പള്ളി സന്ദര്‍ശിച്ചിരുന്നു.
പിന്നീട് 2015ല്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് ബാവ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വിശ്വാസികളെ അനുഗ്രഹിച്ചു. ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ് 2026 നവംബര്‍ 15നു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് ബാവ വീണ്ടും മണര്‍കാട് പള്ളിയില്‍ വിശുദ്ധ കുർബാനയര്‍പ്പിച്ചത്.
വിവിധ കാലഘട്ടങ്ങളിലായുള്ള പാത്രിയര്‍ക്കീസ് ബാവമാരുടെ സന്ദര്‍ശനങ്ങളെ ആദ്യമായി സംഭവിക്കുന്ന കാര്യങ്ങളായി ചിത്രീകരിക്കുന്നതും തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതും ചരിത്രവസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കത്തീഡ്രല്‍ വികാരി കെ. കുറിയാക്കോസ് കോര്‍എപ്പിസ്കോപ്പ കിഴക്കേടത്ത്, ട്രസ്റ്റിമാരായ ഇ.വി. കുര്യാക്കോസ്, ബിജു വര്‍ഗീസ്, പി.എ. സ്കറിയാച്ചന്‍, സെക്രട്ടറി തോമസ് ഉമ്മന്‍ എന്നിവര്‍ പറഞ്ഞു.