തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും പരസ്യപ്രസ്താവനകളും വന്‍ വിവാദമായതോടെ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ഹൈക്കമാൻഡും കെപിസിസി നേതൃത്വവും.
മന്ത്രിസഭയിലെ ആഭ്യന്തര തര്‍ക്കങ്ങളിലും പാര്‍ട്ടി വിഷയങ്ങളിലും നേതാക്കള്‍ നടത്തുന്ന പരസ്യ പ്രതികരണങ്ങള്‍ക്ക് കെപിസിസി പൂര്‍ണമായി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി രാജ്മോഹൻ ഉണ്ണിത്താനോടും ഷാഫി പറമ്പിലിനോടും പരസ്യമായ തർക്കം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. അതിനിടെ യൂത്ത് കോൺഗ്രസിലും തമ്മിലടി രൂക്ഷമായിട്ടുണ്ട്.
ഗ്രൂപ്പ് തിരിഞ്ഞും കെപിസിസി പ്രസിഡന്റ് പദവി മോഹിച്ചും ആരംഭിച്ച പരസ്യപ്രസ്താവനകൾ സംസ്ഥാന സർക്കാരിനെയും യുഡിഎഫിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
തനിക്കെതിരേ സൈബറാക്രമണം നടക്കുന്നുവെന്ന് ആരോപിച്ച് രാജ്മോഹൻ ഉണ്ണിത്താൻ ഷാഫി പറമ്പിലിനെ രൂക്ഷമായി വിമർശിച്ചതോടെയാണ് പ്രശ്നം വഷളായത്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് രാജ്മോഹനോട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടുകഴിഞ്ഞു. വിഷയത്തില്‍ മറുപടി പറയാന്‍ നില്‍ക്കരുതെന്ന് ഷാഫി പറമ്പിലിനോടും സണ്ണി ജോസഫ് ഫോണിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്.
ഷാഫി പറമ്പിൽ എ ഗ്രൂപ്പാണോ അല്ലയോ എന്നു ചിന്തിക്കേണ്ട സമയമല്ലെന്നും ഇത്തരമൊരു വിവാദത്തിലേക്ക് പാർട്ടിയെ തള്ളിവിടരുതെന്നുമാണ് കെപിസിസിയുടെ പക്ഷം. എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബെഹനാന്, കെ.സി. ജോസഫ്, ഷാഫി പറമ്പില്‍ എന്നിവര്‍ ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടതും പരസ്യപ്രസ്താവനാ യുദ്ധത്തിനു കാരണമായിട്ടുണ്ടെന്നു സംശയിക്കുന്നവരുണ്ട്.
ഷാഫി എ ഗ്രൂപ്പല്ലെന്നും അദ്ദേഹം എ ഗ്രൂപ്പാണെങ്കില് അത് ലോകത്തിലെ എട്ടാമത്തെ അദ്ഭുതമായിരിക്കുമെന്നും ഉണ്ണിത്താന് പരിഹസിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരേ ആരോപണമുയര്‍ന്നപ്പോള്‍ ഭാവി അപകടത്തിലാകുമോ എന്നു ഭയന്ന് ചിലര്‍ തലയില്‍ മുണ്ടിട്ട് ഓടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഷാഫിക്കെതിരായ ഉണ്ണിത്താന്റെ വിമർശനത്തിൽ എ ഗ്രൂപ്പിന് അമർഷമുണ്ട്. ഉമ്മൻ ചാണ്ടിയെ വലിച്ചിഴച്ചതിൽ അതൃപ്തിയുള്ള എ ഗ്രൂപ്പ് കരുതലോടെയാണ് നീങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ കുടുംബംകൂടി പ്രതികരിച്ചതു കണക്കിലെടുക്കും. മുഖ്യമന്ത്രിക്കെതിരേ എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയതിന്റെ വൈരാഗ്യമാണോ ഇതിനു പിന്നിലെന്നും ഇവര്‍ സംശയിക്കുന്നുണ്ട്.
പ്രതിസന്ധികള്‍ക്കിടയിലും തങ്ങളുടെ നിലപാടുകളില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് വിവിധ ഗ്രൂപ്പുകളും പാര്‍ട്ടി നേതാക്കളും മുന്നോട്ടു പോകുന്നത്. ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടാകുമോ എന്നതും വരുംദിവസങ്ങളില്‍ കണ്ടറിയേണ്ട കാര്യമാണ്. പാര്‍ട്ടിയിലെ സമാധാനം ഉറപ്പാക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ വഴി ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കാനും സാധ്യതയുണ്ട്.