കോഴിക്കോട്: രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനങ്ങൾക്ക് പിന്നാലെ ഷാഫി പറമ്പിലിന് പിന്തുണയുമായി കെ.എം.അഭിജിത്ത് എംഎൽഎ. വ്യക്തി താത്പര്യങ്ങൾക്കപ്പുറം പാർട്ടിക്കായി ജീവിതം സമർപ്പിച്ച നേതാവാണ് ഷാഫിയെന്നും യൂത്ത് കോൺഗ്രസിനെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ടെന്നും അഭിജിത്ത് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
പാർട്ടി പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം കേരളത്തിലുടനീളം ഓടിനടന്ന് പ്രവർത്തിച്ച നേതാവാണ് ഷാഫി. ഒരു പദവിയും അദ്ദേഹം ചോദിച്ചുവാങ്ങിയതല്ല. 2011ൽ പാലക്കാട് നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കാൻ ആരെന്ന ചോദ്യത്തിന് പാർട്ടിക്ക് മുന്നിലുണ്ടായിരുന്ന ഒരേയൊരു ഉത്തരം ഷാഫി പറമ്പിലായിരുന്നു. ജാതിക്കും മതത്തിനുമപ്പുറം ആബാലവൃദ്ധം ജനങ്ങൾ അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു.
ഈ നാട് പ്രതീക്ഷയോടെ ഏൽപ്പിച്ച 102 എന്ന നമ്പർ മറക്കരുതെന്നും അഭിജിത്ത് ഓർമിപ്പിച്ചു. മഴയത്ത് ഉമ്മൻചാണ്ടി പ്രസംഗിക്കുമ്പോൾ അദ്ദേഹത്തിന് കുടചൂടിക്കൊടുക്കുന്ന ഷാഫി പറമ്പിലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അഭിജിത്തിന്റെ കുറിപ്പ്.