Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Shafi Parambil

ഉണ്ണിമാര്‍ കുരക്കട്ടെ, സിംഹം വഴി മാറില്ല; ഷാഫി പറമ്പിലിന് ഐക്യദാര്‍ഢ്യം, മൂവാറ്റുപുഴയിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍

കൊച്ചി: കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വടകര എംപി ഷാഫി പറമ്പിലിനെതിരെ നടത്തിയ പരസ്യ പ്രസ്താവനയില്‍ കടുത്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഷാഫി പറമ്പിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൂവാറ്റുപുഴയില്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.

യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നഗരത്തിലെ നെഹ്റു പാര്‍ക്കിന് സമീപം രണ്ടു വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഉണ്ണിമാര്‍ കുരക്കട്ടെ... പട്ടികളുടെ കുര കേട്ട് സിംഹം വഴി മാറാറില്ല... എന്ന വാചകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കുരയ്ക്കുന്ന നായ്ക്കള്‍ക്ക് നടുവിലൂടെ പുഞ്ചിരിയോടെ നടന്നുനീങ്ങുന്ന ഷാഫി പറമ്പിലിന്‍റെ ചിത്രവും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐവൈസി മൂവാറ്റുപുഴ എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഷാഫി പറമ്പിലിനെ പിന്തുണച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാനമായ രീതിയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായാണ് മൂവാറ്റുപുഴയിലും പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ ഉള്‍പ്പെടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇന്ന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അതേസമയം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ പരസ്യപ്രസ്താവനകളെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാഫിയെ പിന്തുണച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. ഷാഫി പറമ്പില്‍ എ ഗ്രൂപ്പുകാരനാണെങ്കില്‍ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നാണ് ഉണ്ണിത്താന്‍ പരിഹസിച്ചത്.

Latest News

Corehub Up