കോട്ടയം: ഫെയർനസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് പതിനേഴുകാരിക്ക് വൃക്കരോഗം ഉണ്ടായ സംഭവത്തിലൂടെ വിവാദത്തിലായ ഫേസ് ട്യൂൺ(എഫ് ട്യൂൺ) എന്ന ഫെയർനസ് ക്രീം ഇപ്പോഴും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സുലഭം.
സ്കിൻ ഫ്രണ്ട്ലി പ്രോഡക്റ്റെന്ന് പരസ്യവാചകം
ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ തുടങ്ങിയ വൻകിട ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ക്രീം ഇപ്പോഴും ലഭ്യമാണ്. 30 ഗ്രാമിന് 289 രൂപ നിരക്കിലാണ് ആമസോണിൽ വിൽപ്പന. മീഷോയിൽ 30 ഗ്രാമിന് 100 രൂപ മുതലും ഫ്ലിപ്കാർട്ടിൽ 50 ഗ്രാമിന് 204 രൂപയ്ക്കും ക്രീം ലഭ്യമാണ്. സംഭവം വിവാദമായതോടെ പകുതിയിൽ അധികം രൂപയുടെ വിലക്കിഴിവിലാണ് നിലവിൽ ഈ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്. ചർമ്മം മൃദുവാക്കും , വേഗത്തിൽ ആഗിരണം ചെയ്യപ്പെടും, എല്ലാ തരത്തിലുള്ള ചർമ്മത്തിനും അനുയോജ്യം, സ്കിൻ ഫ്രണ്ട്ലി പ്രോഡക്റ്റ്,രാത്രികാലങ്ങളിൽ ഉപയോഗിക്കുമ്പോഴാണ് കൂടുതൽ റിസൽറ്റ് ഉണ്ടാകുക എന്നിങ്ങനെ നീളുന്നു പരസ്യവാചകങ്ങൾ.
നിരീക്ഷണമില്ലാത്ത ഓൺലൈൻ വിപണി
ഓൺലൈനിലൂടെ വിൽക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ പരിശോധിക്കാനും നിരീക്ഷിക്കാനും നിലവിൽ കൃത്യമായ സംവിധാനമില്ല. ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനകൾ പലപ്പോഴും കടകളിൽ മാത്രമാണ് ഒതുങ്ങുന്നത്. ഓൺലൈൻ വിപണിയിലെ ഈ നിരീക്ഷണക്കുറവും നിയമപഴുതുമാണ് വിവാദ ഉൽപ്പന്നങ്ങൾ തടസമില്ലാതെ വിറ്റഴിക്കാൻ വഴിയൊരുക്കുന്നത്.
ഉയരുന്ന ചോദ്യങ്ങൾ
എഫ് ട്യൂൺ ഗുരുതര രോഗമുണ്ടാക്കിയെന്ന പരാതിയുമായി ഒന്നിലധികം പേർ രംഗത്തുവന്നിട്ടും ആരോഗ്യത്തിന് ഭീഷണിയാണെന്ന് പരിശോധനകളിൽ വ്യക്തമായിട്ടും വിവാദ ക്രീം ഓൺലൈനിൽ തുടരുന്നത് ഉപഭോക്തൃ സുരക്ഷയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തവും അധികൃതരുടെ ഇടപെടലും അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്.