പത്തനംതിട്ട: കോടതി ഉത്തരവ് പ്രകാരം വസ്തു ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യൂട്യൂബർ അറസ്റ്റിൽ. വാഴമുട്ടം തെള്ളശേരത്ത് വീട്ടിൽ എസ്. രേഖ നായരെയാണ് (40) പത്തനംതിട്ട പൊലിസ് പിടികൂടിയത്. ‘രേഖ സ്നേഹപ്പച്ച' എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്നയാളാണ് പ്രതി.
ബാങ്ക് ഓഫ് ഇന്ത്യയിലെ വായ്പാ കുടിശികയുമായി ബന്ധപ്പെട്ട കേസിൽ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം വ്യാഴാഴ്ചയാണ് ഉദ്യോഗസ്ഥർ വാഴമുട്ടത്തെ വീട്ടിലെത്തിയത്. കോടതി കമ്മീഷനും ബാങ്ക് ജീവനക്കാരും ചേർന്ന് വസ്തുവിന്റെ കൈവശാവകാശം ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയതോടെ പ്രതി പ്രകോപിതയാവുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെ തടയുകയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരിയായ നീതു രാജു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പത്തനംതിട്ട പൊലിസ് വെള്ളിയാഴ്ച വൈകിട്ട് 6.15ഓടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെയും (BNS) കേരള പോലീസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.