കണ്ണൂർ: കാലടി സർവകലാശാല വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് ഇ.പി.ജയരാജൻ. ഒരു ധാരണയുമില്ലാത്ത എംഎൽഎയെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കിയതിന്റെ ദുരന്തമാണ് കാലടി സർവകലാശാല ഇന്ന് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞാൽ റോജി അനുസരിക്കാൻ സാധ്യതയില്ല. മന്ത്രിമാർ വ്യത്യസ്ത വഴികളിലാണ്. മന്ത്രിസഭയോഗത്തിന് മുമ്പ് ഗ്രൂപ്പ് യോഗം നടക്കുന്നു. ഓരോ മന്ത്രിയും ഓരോ പ്രസ്താവന നടത്തുന്നുവെന്നും സർക്കാരിന് പ്രശ്നങ്ങൾ പരിഹരിക്കാൻ ബാധ്യതയുണ്ടെന്നും ഇ.പി. വ്യക്തമാക്കി.
സർവകലാശാലയിൽ പഠിക്കുന്നത് പുതുതലമുറയാണ്. വിസി ഇത് മനസിലാക്കണം. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണെന്ന് വല്ല ധാരണയും വിസിക്ക് ഉണ്ടോയെന്ന് ചോദിച്ച ജയരാജൻ കഴിവുകെട്ട വിസിയാണ് കാലടി സർവകലാശാലയിലുള്ളതെന്നും പറഞ്ഞു.
വിസിക്ക് രാഷ്ട്രീയ പിന്തുണ മാത്രമാണുള്ളത്. അത് ആർഎസ്എസ് പിന്തുണയാണ്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ വിസി മനസിലാക്കണം. പിഎച്ച്ഡി കൊണ്ട് മാത്രം കാര്യമില്ല പ്രായോഗിക ബുദ്ധി വേണം. തങ്ങൾ ക്ഷുഭിതരായാൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതെ വരുമെന്നും ഇപി മുന്നറിയിപ്പ് നൽകി.