മലപ്പുറം: പന്ത്രണ്ടു വർഷമായി ജയിലിൽ കഴിയുകയും ഇതുവരെ പരോൾ ലഭിക്കുകയും ചെയ്യാത്ത തടവുകാരന് അടിയന്തര പരോൾ ലഭിക്കാൻ അധികൃതർക്ക് അപേക്ഷ നൽകാമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി. ഗീത. അപേക്ഷ ലഭിച്ചാൽ ജയിൽ ഉപദേശക സമിതിയുടെ ഉചിതമായ പരിഗണനയ്ക്ക് അയയ്ക്കണമെന്നും കമ്മിഷൻ ജയിൽ വകുപ്പ് ഡയറക്ടർ ജനറലിനും തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനും നിർദേശം നൽകി.
എസ്.ആർ. രാജീവ് എന്ന തടവുകാരന്റെ അമ്മ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി സമർപ്പിച്ച പരാതിയിലാണു നടപടി. മാതാപിതാക്കൾ രോഗികളാണെന്നും ഒരു മകളെ വിവാഹം കഴിപ്പിക്കാനുണ്ടെന്നും അമ്മ പരാതിയിൽ പറഞ്ഞു. മകന് പരോൾ ലഭിക്കാത്തതിനാൽ കാണാൻ കഴിയുന്നില്ല. തവനൂർ ജയിലിലെത്തി മകനെ കാണാനുള്ള ആരോഗ്യമില്ലെന്നും പരാതിയിൽ പറഞ്ഞു. ജീവപര്യന്തം കഠിനതടവിന് വിധിക്കപ്പെട്ട പ്രതിക്ക് സാധാരണ അവധിക്ക് അർഹതയില്ലെന്നും അടിയന്തര അവധിക്കായി അപേക്ഷ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു.