കോട്ടയം: സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് പാത്രിയര്‍ക്കീസ് ബാവയ്ക്കും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. കോട്ടയം പഴയ സെമിനാരിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓര്‍ത്തഡോക്സ് സഭയുടെ കോതമംഗലം, മണര്‍കാട് പള്ളികളില്‍ പാത്രിയര്‍ക്കീസ് ബാവ അതിക്രമിച്ചു കയറിയത് നിയമലംഘനവും വലിയ അപരാധവുമാണെന്ന് കാതോലിക്കാ ബാവ പറഞ്ഞു. അവകാശമില്ലാത്ത സ്ഥലത്ത് അനധികൃതമായി പ്രവേശിക്കുന്നവര്‍ കവര്‍ച്ചക്കാരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
നീതി നടപ്പാക്കാന്‍ ഏതറ്റം വരെയും പോകും. നിയമലംഘനത്തിന് ഏതു സര്‍ക്കാര്‍ ഒത്താശ ചെയ്താലും ശക്തമായി പ്രതികരിക്കും. ആട്ടിന്‍കുന്ന് പള്ളിയിലെ നിയമലംഘനത്തിന് മന്ത്രി ഒത്താശ ചെയ്തുവെന്നും കാതോലിക്കാ ബാവ ആരോപിച്ചു.