ചങ്ങനാശേരി: പാറേല്‍ മര്‍ത്ത്മറിയം ബസിലിക്കാ കൂദാശയോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം അഞ്ചുവിളക്കിന്റെ നാട്ടില്‍ മാനവമൈത്രീസംഗമമായി.
ആത്മീയതയും വിശ്വാസ പാരമ്പര്യങ്ങളും സംഗമിക്കുന്ന പാറേല്‍ പള്ളിയുടെ അങ്കണത്തിലാണ് ദേശത്തിന്റെ ഓര്‍മകളുടെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന മഹത്തായ സമ്മേളനം നടന്നത്. ആത്മീയ, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക നേതാക്കള്‍ സംഗമിച്ച സമ്മേളനം ചങ്ങനാശേരിക്ക് വേറിട്ട അനുഭവമായിരുന്നു. വിശിഷ്ടാതിഥികള്‍ പാറേല്‍ പള്ളിയും പാറേല്മാതാവുമായുള്ള ആത്മബന്ധം പങ്കുവച്ചത് സമ്മേളനത്തെ ഹൃദ്യമാക്കി. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനാളുകള്‍ സമ്മേളനത്തില്‍ സാക്ഷികളായി.
ബസിലിക്കാ റെക്ടര്‍ മോണ്‍. മാത്യു ചങ്ങങ്കരിയുടെ സ്വാഗതപ്രസംഗത്തോടെയാണ് പ്രൗഢമായ സമ്മേളനത്തിനു തുടക്കംകുറിച്ചത്. നിര്‍മാണംപൂര്‍ത്തിയാക്കിയ പാറേല്‍ മര്‍ത്ത്മറിയം ബസിലിക്കാ ജാതിമത വര്‍ഗ ഭേദമില്ലാതെ എല്ലാവര്‍ക്കുംവേണ്ടിയുള്ള ആശ്രയകേന്ദ്രമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മാനവ സാഹോദര്യത്തിന്റെ പരിസരമാണ് പാറേൽ പള്ളിയെന്ന് ആർച്ച് ബിഷപ് പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിവഗിരിമഠം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ഋതംബരാനന്ദ, ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.പി.എസ്. ശ്രീധരന് പിള്ള, ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, വിനു ജോബ് എംഎല്‍എ, മുന്‍മന്ത്രി വി.എന്‍. വാസവന്, മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ്, എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് എസ്. സുരേഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ശോഭന വിശ്വംഭരന്, ജോയിന്റ് കണ്‍വീനര്‍ ഡോ. റൂബിള്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനുമുമ്പ് മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും ബസിലിക്ക സന്ദര്‍ശിച്ചു.
എം.ജെ. സെബാസ്റ്റ്യന്‍ എംഎൽഎ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്, അതിരൂപതാ വികാരി ജനറാൾമാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. സ്കറിയ കന്യാകോണില്‍, മോണ്‍. ജോണ്‍ തെക്കേക്കര, ചാന്‍സലര്‍ ഫാ. ജോര്‍ജ് പുതുമനമൂഴിയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ആന്റണി മാളേയ്ക്കല്‍, ബസിലിക്കാ വികാരി ഫാ. ജേക്കബ് വാരിക്കാട്ട്, ഫാ. റ്റെജി പുതുവീട്ടിക്കളം എന്നിവര്‍ സന്നിഹിതരായിരുന്നു.