നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരുടെ ലഗേജില്‍നിന്ന് 11 എയര്‍ റൈഫിളുകള്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റഡിയിലെടുത്തു.
തോക്കുകള്‍ അഴിച്ചുമാറ്റി വിവിധ ഭാഗങ്ങളാക്കി ലഗേജുകളില്‍ പ്രത്യേകം സൂക്ഷിച്ച നിലയിലായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഇവ ഏത് വിഭാഗത്തില്‍ പെട്ടതാണെന്നും ഇറക്കുമതി ചെയ്യുന്നതിനും കൈവശം വയ്ക്കുന്നതിനും അനുമതി ആവശ്യമുണ്ടോയെന്നും പരിശോധിക്കുകയാണ്.
ആയുധങ്ങള്‍ വില്പനയ്ക്കായി എത്തിച്ചതാണോ വ്യക്തിപരമായ ആവശ്യത്തിനാണോ എന്നും ഇവയുടെ ഉറവിടം, കടത്തിക്കൊണ്ടുവന്നതിന്റെ ലക്ഷ്യം എന്നിവയും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ കഴിഞ്ഞ ദിവസം ഉപയോഗിച്ച വെടിയുണ്ടയുമായി എത്തിയ തമിഴ്നാട് സ്വദേശി വൈരമുത്തുവിനെയും നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു.
ഫയര്‍ ക്ലബില്‍ അംഗമായ താന്‍ അറിയാതെ ബാഗില്‍ വെടിയുണ്ട വന്നതാണെന്നാണ് ഇയാള്‍ പൊലിസിന് മൊഴി നല്‍കിയത്. കേസെടുത്തശേഷം ഇയാളെ വിട്ടയച്ചിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആയുധങ്ങളും വെടിയുണ്ടയും കണ്ടെത്തിയതോടെ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന കൂടുതല്‍ ജാഗ്രതയോടെ നടത്തുകയാണ് അധികൃതര്‍.