തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഐസി 100 ചലഞ്ച് പദ്ധതിയിൽ നവംബർ 30 വരെ രജിസ്റ്റർ ചെയ്യാം. https://www.ic100 challenge.com എന്ന വെബ് പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
സ്ഥാപനങ്ങൾ, ജനകീയ കൂട്ടായ്മകൾ, സ്കൂളുകൾ, കോളജുകൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ, മതസംഘടനകൾ തുടങ്ങിയവർക്കെല്ലാം ചലഞ്ചിൽ പങ്കാളികളാവാം.
കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വാർഡുകളിൽ വൃത്തിഹീനമായി കിടക്കുന്ന 20,999 പൊതു ഇടങ്ങൾ കണ്ടെത്തി, പ്രാദേശിക കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ ശുചീകരിച്ച്, തുടർച്ചയായ 100 ദിവസം ശാസ്ത്രീയ പരിപാലനത്തിലൂടെ സുസ്ഥിരമായ ഗ്രീൻ പോയിന്റുകൾ സൃഷ്ടിക്കുന്നതാണ് ഐസി 100 ചലഞ്ച് പദ്ധതി. ഐ കെയർ, ഐ ക്ലീൻ, ഐ കമ്മിറ്റ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണ് പദ്ധതിക്കുള്ളത്.
ഓരോ വാർഡിലും സ്ഥിരമായി മാലിന്യം വലിച്ചെറിയുന്നതോ, നിലവിൽ മലിനമായി കിടക്കുന്നതോ ആയ പൊതുസ്ഥലം മുൻഗണനാടിസ്ഥാനത്തിൽ കണ്ടെത്തുന്നതാണ് ഐ കെയർ.
പ്രാദേശിക ജനപങ്കാളിത്തത്തോടെ പ്രദേശം പൂർണമായി ശുചീകരിക്കുകയും സൗന്ദര്യവത്കരിക്കുകയും ചെയ്യുന്നതാണ് ഐ ക്ലീൻ എന്ന രണ്ടാം ഘട്ടം. ശുചീകരിച്ച സ്ഥലം 100 ദിവസത്തേക്ക് വീണ്ടും മലിനമാകാതെ പരിപാലിക്കുന്നതാണ് ഐ കമ്മിറ്റ് എന്ന അവസാനഘട്ടം.