മാന്നാനം: ഭിന്നശേഷിക്കാർക്കായി ബൃഹത് പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഡിസംബർ മൂന്നിന് ആചരിക്കുന്ന ഭിന്നശേഷി ദിനത്തിനു മുന്നോടിയായി ഡിസംബർ രണ്ടിന് പദ്ധതി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
മാന്നാനം സെന്റ് ജോസഫ്സ് ആശ്രമപ്പള്ളിയിൽ വിശുദ്ധ ചാവറയച്ചന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷവും സിഎംഐ സഭാ സ്ഥാപനത്തിന്റെ ദ്വിശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടപ്പാക്കുന്ന 200 സ്നേഹവീടുകളുടെ നിർമാണോദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭിന്നശേഷിക്കാർക്കുവേണ്ടി മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തതും രാജ്യത്തിനാകെ മാതൃകയാകുന്നതുമായ പദ്ധതിയായിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ പ്രായമായ ഒരാളും തനിയെ ആകരുതെന്നതാണ് സ്വപ്നം.
അവർ ഭക്ഷണവും മരുന്നും കഴിച്ചോ, പാലിയേറ്റീവ് കെയർ വേണോ എന്ന് അന്വേഷിക്കാൻ അവർക്ക് ഒരാളുണ്ടാകണം. അതിനുള്ള സംവിധാനമൊരുക്കും. അതിൽ വിദ്യാർഥികളെക്കൂടി പങ്കെടുപ്പിച്ച് വലിയ പദ്ധതി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.