കൊല്ലം: മാതാപിതാക്കളുടെ സ്വത്ത് കൈക്കലാക്കിയ ശേഷം അവരെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ കർശന നടപടി ഉറപ്പാക്കാൻ വയോജന സംരക്ഷണ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇത്തരക്കാർക്ക് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രായമായ മാതാപിതാക്കൾക്ക് സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഇനി ഒരാളും തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്കായി ലുലു ഗ്രൂപ്പ് നിർമിച്ചുനൽകിയ പിതൃഭവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതാപിതാക്കളുടെ സ്വത്ത് സ്വന്തമാക്കിയ ശേഷം അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണത ഗൗരവത്തോടെ കാണേണ്ടതുണ്ട്. വയോജനങ്ങളുടെ സുരക്ഷയും അന്തസും ഉറപ്പാക്കുന്നതിനൊപ്പം അവരെ ഉപേക്ഷിക്കുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
വാർധക്യത്തിൽ മാതാപിതാക്കൾക്ക് താങ്ങും തണലുമാകേണ്ട മക്കൾ തന്നെ അവരെ ഉപേക്ഷിക്കുന്ന സാഹചര്യം സമൂഹത്തിന് മുന്നിൽ വലിയ ചോദ്യമാണ് ഉയർത്തുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും വയോജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാനുമുള്ള നീക്കമായാണ് പുതിയ നിയമനിർമാണത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.