തിരുവനന്തപുരം: മുഖകാന്തി വർധിപ്പിക്കുമെന്ന അവകാശവാദവുമായി വില്പനയ്ക്കെത്തുന്ന പല ഫെയർനെസ് ക്രീമുകളും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണെന്ന് വ്യക്തമാകുന്നു. മലപ്പുറത്ത് ഫെയർനെസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ചതിനു പിന്നാലെ സർക്കാർ പരിശോധനയും നടപടികളും ശക്തമാക്കുകയാണ്. വ്യാജ സൗന്ദര്യവർധക ഉത്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാൻ ചട്ടത്തിൽ ഭേദഗതി കൊണ്ടു വരാൻ സർക്കാർ നീക്കം തുടങ്ങി.
നിരന്തരം പരിശോധന നടത്തി കേസെടുക്കുകയും പിഴ ഉൾപ്പെടെ ഈടാക്കുകയും ചെയ്തിട്ടും നടപടി സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർക്കശ നടപടി സ്വീകരിക്കാനാണ് സർക്കാർ നിർദേശം. വ്യാജ ഉത്പന്നങ്ങൾ ഓണ്‍ലൈൻ വഴി പ്രചരിപ്പിക്കുന്നവർക്കെതിരേയും ക്രിമിനൽ നടപടിയുണ്ടാകും. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരിശോധന നടത്തുന്നവർക്കെതിരേയും നടപടി സ്വീകരിക്കും. ആരോഗ്യത്തിനു ഹാനികരമാകുന്ന പ്രോട്ടീൻ പൗഡറിന്റെ വിൽപന നടത്തുന്നവർക്കെതിരേയും സംസ്ഥാന വ്യാപക പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തു
മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിൽ കേസെടുത്ത് പൊലിസ്. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയെന്ന് അരീക്കോട് സിഐ ഹരിദാസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടി ഈ ക്രീം ഉപയോഗിക്കുന്നുണ്ട്. ഓൺലൈൻ വഴിയാണ് ക്രീം വാങ്ങിയത്. പെൺകുട്ടിയിൽനിന്നു ശേഖരിച്ച ക്രീമിന്റെ സാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയയ്ക്കുമെന്നും പൊലിസ് അറിയിച്ചു.
വൃക്കരോഗം ബാധിച്ചെന്നു ഗായകൻ സലീം കോടത്തൂർ
മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് താൻ ഗുരുതരമായ വൃക്കരോഗത്തിന് (മെംബ്രനസ് നെഫ്രോപ്പതി) ഇരയായതായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ. കാസർഗോഡുള്ള ഒരു സുഹൃത്ത് നിർദേശിച്ചതിനെ തുടർന്നാണ് ക്രീം ഉപയോഗിച്ചു തുടങ്ങിയത്. ഉപയോഗിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽത്തന്നെ നിറം വച്ചെങ്കിലും, പിന്നീട് മുഖം മുന്പത്തേക്കാൾ കരിവാളിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആരംഭിക്കുകയുമായിരുന്നുവെന്ന് സലീം കോടത്തൂർ പറഞ്ഞു.
ശരീരത്തിൽ നടത്താത്ത പരിശോധനകളൊന്നും ബാക്കിയുണ്ടായിരുന്നില്ലെന്നും, മാസങ്ങളോളം ചികിത്സ നടത്തിയിട്ടും തുടക്കത്തിൽ രോഗകാരണം പോലും കണ്ടെത്താനായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിന്റെ പ്രതിരോധശേഷി പൂർണമായി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി.
നിർമിക്കുന്നത് പാക്കിസ്ഥാനിലെന്ന് ലേബൽ
തിരുവനന്തപുരം: മുഖം വെളുപ്പിക്കാനെന്ന പേരിൽ കേരളത്തിലെത്തുന്ന ക്രീമുകളിൽ പലതും നിർമിക്കുന്നത് പാക്കിസ്ഥാനിലെന്ന് ലേബൽ രേഖകൾ. എന്നാൽ ഉപയോഗിക്കുന്നവരെ രോഗികളാക്കുന്ന ഇത്തരം ക്രീമുകൾ പലതും ഇന്ത്യയിലെ പലഭാഗത്തുമാണ് നിർമിച്ചു വിൽപന നടത്തുന്നതെന്നാണു വിവരം.
ഓപ്പറേഷൻ സൗന്ദര്യ എന്ന പേരിൽ കഴിഞ്ഞ നാലു വർഷമായി തുടർച്ചയായി പരിശോധന നടത്തിയിട്ടും ഇത്തരം ക്രീമുകളുടെ വിൽപന പൂർണമായി തടയാൻ കഴിയുന്നില്ലെന്ന ദുരവസ്ഥ ഇവയുടെ ഉപയോഗം സംസ്ഥാനത്താകെ വർധിച്ചതിനു തെളിവായാണ് ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് കരുതുന്നത്.
ഓണ്‍ലൈനിൽ എത്തുന്ന ഇത്തരം ക്രീമുകൾ പിടിച്ചെടുക്കാനും ഏറെ ബുദ്ധിമുട്ടാണ്. സൗന്ദര്യ വർധക വസ്തുക്കൾ വിൽപന നടത്താൻ ലൈസൻസ് ആവശ്യമില്ല.
ഇതു നിർമിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമാണ് ലൈസൻസ് വേണ്ടത്. എന്നാൽ ബ്യൂട്ടി ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലും വിൽപന നടത്തുന്ന ഇത്തരം സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുക്കുന്പോഴാണ് ലേബലിലെ വിലാസം പോലും വ്യാജമാണെന്നു തെളിയുന്നത്.
ഗുരുതര ത്വക്ക് രോഗങ്ങൾക്കും ഇടയാക്കും
ഫേസ് ക്രീമുകളിൽ ഒരു ശതമാനം പിപിഎം (പാർട്സ് പെർ മില്ല്യണ്‍) മാത്രമാണ് മെർക്കുറി അനുവദനീയമായിട്ടുള്ളത്. എന്നാൽ കേരളത്തിലെ വിപണിയിൽ നിന്ന് പിടികൂടിയ ഫൈസ, ഗോറി തുടങ്ങിയ ഫേസ്ക്രീമുകളിൽ 20,000 വരെ പിപിഎം മൂല്യം കണ്ടെത്തി. ഇത് ഗുരുതര ത്വക്ക് രോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
പാക്കിസ്ഥാൻ നിർമിതമായ ഈ ക്രീമുകൾ പർച്ചേസ് ബില്ലുകൾ പോലുമില്ലാതെയാണ് വിപണിയിൽ എത്തുന്നത്. ഈ സാഹചര്യത്തിൽ ഇത്തരം ക്രീമുകൾ ഉപയോഗിക്കരുത്. ഇവ ബ്യൂട്ടി ഷോപ്പുകളിലും പാർലറുകളിലും ഉപയോഗിക്കുന്നതായും കണ്ടെത്തി. ഇവയുടെ ഉപയോഗം തടയാൻ ഇന്നു മുതൽ റെയ്ഡ് അടക്കമുള്ള കർശന നടപടികൾക്കാണ് സർക്കാർ നിർദേശം.