തൃശൂർ: ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷം 30നു തൃശൂർ ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ നടക്കുമെന്ന് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചയ്ക്കുശേഷം 2.30ന് ആഘോഷമായ വിശുദ്ധ കുർബാനയോടെയാണു പരിപാടികൾ ആരംഭിക്കുക. സിബിസിഐ മുൻ പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് അനുഗ്രഹപ്രഭാഷണം നടത്തും. സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച്ബിഷപ്പുമായ ഡോ. അനിൽ ജോസഫ് തോമസ് കൂട്ടോ ആശംസയർപ്പിക്കും. സിബിസിഐ പ്രസിഡന്റിന്റെ സന്ദേശവുമായി സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. മാത്യു കോയിക്കൽ പങ്കെടുക്കും.
കേരളത്തിലെ വിവിധ ബിഷപ്പുമാർ, വൈദികർ എന്നിവരും സമർപ്പിതരും വിശ്വാസീസമൂഹവും സമൂഹബലിയിൽ പങ്കെടുക്കും. വൈകിട്ട് 4.30നു ലൂർദ് സെന്റിനറി ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അധ്യക്ഷനാകും. മന്ത്രിമാർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
സുവർണജൂബിലി ആഘോഷത്തോടനുബന്ധിച്ചു ഭവനരഹിതർക്കു നൂറു ഭവനങ്ങൾ നിർമിച്ചുനൽകും. പുല്ലഴിയിലെ സെന്റ് ജോസഫ്സ് ഹോമിനോടു ചേർന്നു മാനസികരോഗികൾക്കായി ‘ഒപ്പം’ എന്ന പേരിൽ പകൽവീടും ആരംഭിക്കുമെന്നു സഹായമെത്രാൻ പറഞ്ഞു.
പത്രസമ്മേളനത്തിൽ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര, വൈസ് ചാൻസലർ ഫാ. ഡോ. ഷിജോ ചിരിയങ്കണ്ടത്ത്, പിആർഒ ഫാ. സിംസണ്‍ ചിറമ്മൽ, ജോഷി വടക്കൻ, ജോർജ് ചിറമ്മൽ, ജോജു മഞ്ഞില എന്നിവരും പങ്കെടുത്തു.