തൃത്താല: പരുതൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റ സംഭവത്തില്‍ തോക്ക് കൈവശംവച്ചതിന് വിദ്യാര്‍ഥിയുടെ അമ്മയ്ക്കെതിരേ കേസെടുത്തു.
പരുതൂര്‍ കൊടുമുണ്ട സ്വദേശിനിയായ ഹഫ്സത്തിന് (50)എതിരേയാണ് നടപടി. കുറ്റം തെളിഞ്ഞാല്‍ രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ആയുധ നിയമത്തിലെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ ശരീരത്തില്‍ തറച്ചിരുന്ന വെടിയുണ്ട കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരു ദിവസംകൂടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
വിദ്യാര്‍ഥിയില്‍നിന്നു പൊലിസ് കസ്റ്റഡിയിലെടുത്ത തോക്ക് നാടന്‍ രീതിയില്‍ നിര്‍മിച്ച റിവോള്‍വറാണെന്ന് ബാലിസ്റ്റിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. 11 റൗണ്ട് വെടിയുതിര്‍ക്കാന്‍ ശേഷിയുള്ള ഡബിള്‍ ആക്ഷന്‍ വിഭാഗത്തില്‍പ്പെട്ട തോക്ക് പ്രവര്‍ത്തനക്ഷമമാണെന്നും പരിശോധനയില്‍ കണ്ടെത്തി.
കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായി വിദ്യാര്‍ഥിയെ തൃത്താല പൊലിസ് സ്റ്റേഷനിലെത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തി. മാതാവ് ഹഫ്സത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ വിദ്യാര്‍ഥിയെ ഇന്നലെ പാലക്കാട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി.