കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിഎല്‍എം സ്ഥാപക ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 300 കോടിയുടെ തട്ടിപ്പാണ് പ്രേംകുമാര്‍ നടത്തിയതെന്നും സാധാരണക്കാരുടെ പണം വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ് എന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
പ്രേംകുമാറിനെതിരെ തമിഴ്‌നാട്, പോണ്ടിച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിലായി നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബാങ്ക് രേഖകള്‍ ഉള്‍പ്പെടെയുള്ളവ ക്രൈംബ്രാഞ്ചും ഇഡിയും പിടിച്ചെടുത്ത സാഹചര്യത്തില്‍ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന പ്രേംകുമാറിന്‍റെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ ചെന്നൈയില്‍ നിന്നും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രേംകുമാറിന് അറസ്റ്റ് നടപടിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ ജാമ്യം റദ്ദാക്കുകയും അറസ്റ്റിന് തടസമില്ലെന്ന് ഉത്തരവിടുകയും ചെയ്തതോടെയാണ് പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.