തിരുവനന്തപുരം: വിദ്യാർഥികളുടെ സ്കൂൾ ബാഗുകളുടെ അമിതഭാരം നിയന്ത്രിക്കുന്നതിനായി നിർണായക നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ ഇന്ന് പ്രത്യേക ഉന്നതതല യോഗം ചേരും. എസ്സിഇആർടി, ബാലാവകാശ കമ്മീഷൻ എന്നിവർ സമർപ്പിച്ച പഠന റിപ്പോർട്ടുകളും ശിപാർശകളും യോഗത്തിൽ വിശദമായി വിലയിരുത്തും.
വിദ്യാർഥികൾക്ക് താങ്ങാനാവാത്ത ഭാരം നൽകരുതെന്ന ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കാരങ്ങൾക്ക് വഴിയൊരുങ്ങുന്നത്. നിലവിലുള്ള ക്ലാസ് ടൈംടേബിളും പീരീഡ് സംവിധാനവും പുനഃക്രമീകരിക്കുന്ന കാര്യം യോഗത്തിൽ പ്രധാന ചർച്ചയാകും.
പഠനരീതികളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം, ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയും 'പുസ്തകമില്ലാത്ത പീരീഡുകൾ' നടപ്പിലാക്കിയും കുട്ടികളുടെ മാനസികവും ശാരീരികവുമായ ഭാരം കുറയ്ക്കാനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കുന്നുണ്ട്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സമഗ്രമായ ഒരു നയം രൂപീകരിക്കുന്നതിനുള്ള പ്രാരംഭ ചർച്ചകൾക്കാണ് ഇന്നത്തെ യോഗത്തിലൂടെ തുടക്കമാകുന്നത്.