കോട്ടയം; സോഷ്യൽ മീഡിയ തുറന്നാൽ നിറയെ "രണ്ടാഴ്ച കൊണ്ട് നിറം വെക്കും", "വേഗത്തിൽ വണ്ണം കുറയും", "മുടി കൊഴിച്ചിൽ ഒറ്റയടിക്ക് നിൽക്കും" തുടങ്ങിയ അത്ഭുത വാഗ്ദാനങ്ങളാണ്. ഇൻഫ്ലുവൻസർമാരുടെ വാചകമടിയും "ഞാൻ ഉപയോഗിച്ച് നോക്കിയതാണ്" എന്ന ഒറ്റ ഉറപ്പും വിശ്വസിച്ചാണ് മലപ്പുറം അരീക്കോട് സ്വദേശിനിയായ ആ പതിനേഴുകാരിയും 'എഫ് ട്യൂൺ' (F Tune) എന്ന ഫെയർനെസ് ക്രീം വാങ്ങിയത്. എന്നാൽ നിറം വെക്കാൻ വാങ്ങിയ ക്രീം അവളുടെ ജീവിതത്തിന്റെ തന്നെ നിറം കെടുത്തി.
കൃത്യമായ ബ്രാൻഡ് നെയിമോ ലൈസൻസോ ഒന്നുമില്ലാത്ത ഇത്തരം ഉൽപ്പന്നങ്ങൾക്ക് ഇത്രയധികം പ്രചാരം ലഭിക്കാൻ പ്രധാന കാരണം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പ്രൊമോഷനുകളാണ്. പണം വാങ്ങി പ്രൊമോഷൻ വീഡിയോകൾ ചെയ്ത പലരും സംഭവം വിവാദമായതോടെ ഒഴിഞ്ഞുമാറുന്ന കാഴ്ചയാണ് കാണുന്നത്.
പ്രമോഷനുകളും ഉത്തരവാദിത്തമില്ലാത്ത ഒഴിഞ്ഞുമാറലുകളും
ബിഗ് ബോസ് താരങ്ങളായ റെനീഷ റഹിമാൻ, ജാസ്മിൻ ജാഫർ തുടങ്ങി നിരവധി പേരാണ് ഈ ക്രീമിന്റെ പ്രചാരകരായി എത്തിയത്. "ഞാൻ സ്വന്തമായി ഉപയോഗിച്ച് ഫലം കണ്ടതാണ്" എന്ന ഒറ്റ വാചകത്തിലാണ് ഇവരെല്ലാം സാധാരണക്കാരായ ആളുകളെ വീഴ്ത്തിയത്.
എന്നാൽ, പെൺകുട്ടിയുടെ ആരോഗ്യനില വഷളായെന്ന വാർത്ത പുറത്തുവന്നതോടെ ഇൻഫ്ലുവൻസർമാരുടെ ഭാവം മാറി. വിവാദം കടുത്തപ്പോൾ നടി റെനീഷ റഹിമാൻ വിശദീകരണവുമായി രംഗത്തെത്തി. 15 ദിവസം താനിത് ഉപയോഗിച്ചിരുന്നുവെന്നും, തനിക്ക് പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ലെന്നുമായിരുന്നു റെനീഷയുടെ വാദം. പണത്തിനുവേണ്ടി എന്തും ചെയ്യുന്ന ആളല്ല താനെന്നും, കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പറഞ്ഞ് ഇവർ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു. മറുവശത്ത്, മറ്റ് പ്രമുഖ ഇൻഫ്ലുവൻസർമാരെല്ലാം പൂർണ്ണമായ മൗനത്തിലാണ്. വിവാദം ആളിക്കത്തിയതോടെ, മുൻപ് പങ്കുവെച്ച പ്രൊമോഷൻ വീഡിയോകൾ തങ്ങളുടെ പേജുകളിൽ നിന്ന് രഹസ്യമായി ഡിലീറ്റ് ചെയ്ത് സുരക്ഷിതരാകാനാണ് പലരുടെയും ശ്രമം.
"റിസൾട്ട് കിട്ടി" എന്നത് സുരക്ഷിതത്വത്തിന്റെ അളവുകോലല്ല!
ഇത്രയും നിസാരമായി പറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയുന്ന വിഷയമാണോ ഇതെന്നതാണ് ചോദ്യം. പണം വാങ്ങി ഒരു ഉൽപ്പന്നം പ്രൊമോട്ട് ചെയ്യുമ്പോൾ അതിന്റെ സുരക്ഷിതത്വം പരിശോധിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം ഇവർക്കില്ലേ? കുറഞ്ഞപക്ഷം ഈ കമ്പനിയുടെ ഉടമ ആരാണെന്നോ, ഇതിന്റെ നിർമ്മാണ യൂണിറ്റ് എവിടെയാണെന്നോ, ഉൽപ്പന്നത്തിന് കൃത്യമായ ലൈസൻസോ വിലാസമോ ഉണ്ടോ എന്നുപോലും ഇവർ പരിശോധിച്ചിരുന്നോ? ഇതൊന്നും അറിയാതെ, മെർക്കുറി പോലുള്ള അപകടകരമായ രാസവസ്തുക്കൾ അടങ്ങിയേക്കാവുന്ന ഉൽപ്പന്നങ്ങൾ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കുന്നത് എങ്ങനെയാണ് നിസാരമാകുന്നത്? പെട്ടെന്ന് ഫലം (Result) ലഭിക്കുന്നതും, ആ ഉൽപ്പന്നം ശരീരത്തിന് സുരക്ഷിതമായിരിക്കുന്നതും (Safety) രണ്ടും രണ്ട് കാര്യങ്ങളാണെന്ന തിരിച്ചറിവ് ഉപയോഗിക്കുന്നവർക്കെങ്കിലും ഉണ്ടാകണം.
2023-ൽ 'യൂത്ത് ഫേസ് ക്രീം' പോലുള്ളവ പ്രമോട്ട് ചെയ്തതിന്റെ പേരിൽ ജാസ്മിൻ ജാഫർ വലിയ വിമർശനം നേരിട്ടിരുന്നു. അന്ന് പ്രശ്നം കടുത്തപ്പോൾ വീഡിയോ നീക്കം ചെയ്ത്, ഇനി ഇത്തരം ക്രീമുകൾ പ്രൊമോട്ട് ചെയ്യില്ലെന്ന് ഉറപ്പുനൽകി മാപ്പ് പറഞ്ഞതുമാണ്. എന്നിട്ടും ഇതൊക്കെ വീണ്ടും ആവർത്തിക്കുമ്പോൾ, ഇൻഫ്ലുവൻസർമാരുടെ വാക്കുകൾക്ക് എത്ര വിലയുണ്ടെന്ന ചോദ്യമാണ് ഉയരുന്നത്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ പങ്കാളികളാകുന്നവർക്കെതിരെ നിയമനടപടികൾക്ക് സാധ്യതയുണ്ടെങ്കിലും, അതൊന്നും നഷ്ടപ്പെടുന്ന ആരോഗ്യത്തിന് പകരം വെക്കാൻ കഴിയില്ല. താരങ്ങളുടെ തിളങ്ങുന്ന ചർമത്തിന് പിന്നിൽ ഇത്തരം വിലകുറഞ്ഞ ക്രീമുകളല്ല, മറിച്ച് കൃത്യമായ ചികിത്സകളും ഫിൽട്ടറുകളുമാണെന്ന സത്യം സാധാരണക്കാർ തിരിച്ചറിയണം.
ഇൻഫ്ലുവൻസർമാർക്ക് അതൊരു ബിസിനസ് മാത്രമാണ്. പണം വാങ്ങി വീഡിയോ ഇട്ടാൽ അവരുടെ ഉത്തരവാദിത്തം തീർന്നു. പണി പാളിയാൽ വീഡിയോ ഡിലീറ്റ് ചെയ്ത് അവർ തടിതപ്പും. എന്നാൽ, അവരുടെ വാക്കുകൾ വിശ്വസിച്ച് ഉൽപ്പന്നം വാങ്ങുന്ന സാധാരണക്കാർക്ക് നഷ്ടമാകുന്നത് അവരുടെ ആരോഗ്യവും ജീവിതവും തന്നെയായിരിക്കും. ചർമ സംരക്ഷണത്തിനായി ഏതൊരു ഉൽപ്പന്നം തിരഞ്ഞെടുക്കുന്നതിന് മുൻപും സോഷ്യൽ മീഡിയ റിവ്യൂകളെയല്ല, മറിച്ച് ഒരു അംഗീകൃത ഡെർമറ്റോളജിസ്റ്റിന്റെ നിർദ്ദേശത്തെയാണ് ആശ്രയിക്കേണ്ടത്.