തിരുവനന്തപുരം: കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാമെന്ന് സംസ്ഥാന ഐടി മിഷൻ ഡയറക്ടർ അറിയിച്ചു.
ആധാറിൽ അഞ്ച്, 15 വയസുകളിൽ ബയോമെട്രിക്സ് നിർബന്ധമായും പുതുക്കണം. തക്ക സമയത്ത് നിർബന്ധിത ബയോമെട്രിക് പുതുക്കൽ നടത്തിയാൽ JEE, NEET, KEAM, മറ്റ് മത്സര പരീക്ഷകൾ, കൂടാതെ സ്കോളർഷിപ്പുകൾ എന്നിവയിൽ രജിസ്ട്രേഷൻ ചെയ്യുമ്പോൾ വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും.
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി വഴി മാത്രമാണ് വിവിധ ഓൺലൈൻ സേവനം ലഭ്യമാകുന്നത്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ മെയിൽ ഐഡിയും ആധാറിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇമെയിൽ മാറ്റൽ തുടങ്ങിയ സേവനങ്ങൾ സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും.
സിറ്റിസൺ കോൾ സെന്റർ: 180042511800 (ടോൾ ഫ്രീ) / 04712335523. കേരള സ്റ്റേറ്റ് ഐടി മിഷൻ (ആധാർ സെക്ഷൻ): 04712525442.