പാലക്കാട്: മൂന്നംഗ സംഘം തോക്ക് ചൂണ്ടി ജ്വല്ലറിയിൽ നിന്ന് 20 പവൻ കവർന്നതായി പരാതി. പാലക്കാട് പെരിങ്ങോട്ടുകുറിശിയിലുണ്ടായ സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ മൂന്ന് യുവാക്കൾ തോക്ക് ചൂണ്ടി കവർച്ച നടത്തുകയായിരുന്നു.
പ്രതികൾ ഇതരസംസ്ഥാനക്കാരാണെന്നാണ് പ്രാഥമിക വിവരം. സംഭവസമയത്ത് ജ്വല്ലറിയിൽ ഒരു സ്ത്രീയും പുരുഷനും മാത്രമാണ് ഉണ്ടായിരുന്നത്. സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാക്കൾ പെട്ടെന്ന് തോക്ക് പുറത്തെടുത്ത് ഭീഷണിപ്പെടുത്തി സ്വർണവുമായി കടന്നുകളയുകയായിരുന്നു.
പിന്നിലൂടെ കടയിലെത്തിയ സംഘം തോക്കെടുത്ത് ഒരു തവണ വെടിയുതിർത്തതായും രണ്ടുപേരുടെ കൈവശം കത്തിയുണ്ടായിരുന്നതായും കടയുടമ സനാത് പറഞ്ഞു. പ്രതിരോധിക്കുന്നതിനിടെ മോഷ്ടാക്കൾക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. വിവരമറിഞ്ഞ് കോട്ടായി പൊലിസ് സ്ഥലത്തെത്തി.