കണ്ണൂർ: ആദായനികുതി വകുപ്പിനെ വഞ്ചിച്ച് കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം 2.60 കോടി രൂപ തട്ടിയെടുത്തതായി സൈബർ പൊലിസിന്റെ കണ്ടെത്തൽ. കണ്ണൂർ മുനീശ്വരൻ കോവിൽ റോഡിലെ വാടകവീടിന്റെ മേൽവിലാസം കാണിച്ചാണ് വ്യാജ സർക്കാർ സ്ഥാപനം രജിസ്റ്റർ ചെയ്തതെന്നാണു വിവരം. നിലവിൽ ഇവിടെ ആരുമില്ലെന്നു വ്യക്തമായിട്ടുണ്ട്.
ബംഗാൾ, തമിഴ്നാട്, ആന്ധ്ര സ്വദേശികളായ16 പേരുടെ അക്കൗണ്ടുകളിലേക്കാണ് 2.60 കോടി രൂപ പോയിരിക്കുന്നത്. ഇവയെല്ലാം യഥാർഥ ഉടമ ജീവിച്ചിരിപ്പില്ലാത്തതോ ഇടപാട് നടത്താത്തതോ ആയ ബാങ്ക് അക്കൗണ്ടുകൾ (മ്യൂൾ അക്കൗണ്ടുകൾ) വഴിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഗ്രാമീണ വനിതകളുടെ ശക്തീകരണത്തിനായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനമെന്നു കാണിച്ചാണ് ആദായനികുതി വകുപ്പിൽനിന്ന് 2025 സെപ്റ്റംബറിൽ അക്കൗണ്ട് ഐഡിന്റിഫിക്കേഷൻ നമ്പർ (എഐഎൻ) ഈ സംഘം നേടിയത്. ആദായനികുതി ഇടപാടിനായി സർക്കാർ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്നതാണ് എഐഎൻ.
ഒരു രൂപ പോലും ആദായനികുതി അടയ്ക്കാതെതന്നെ, അടച്ചതായി കാണിക്കുന്ന വ്യാജ രേഖകൾ സ്ഥാപനം സമർപ്പിച്ചിട്ടുണ്ട്. ഇതിൽനിന്ന് 28.26 കോടി രൂപയുടെ ആദായനികുതി റീഫണ്ട് 155 പേരുടെ പാൻ നമ്പറുകളിലേക്ക് അനുവദിക്കണമെന്നായിരുന്നു വാർഷിക ആദായനികുതി റിട്ടേണിലെ ആവശ്യം. തുടർന്നാണു16 അക്കൗണ്ടുകളിലേക്ക് ആദായനികുതി വകുപ്പ് റീഫണ്ട് നൽകിയത്.
പിന്നീട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ചില സംശയങ്ങൾ തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയതും കൊച്ചി സിറ്റി സൈബർ പൊലിസിൽ പരാതി നൽകിയതും. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ മറ്റു റീഫണ്ടുകളുടെ നടപടികൾ ആദായനികുതി വകുപ്പ് നിർത്തിവച്ചിരിക്കുകയാണ്.