തിരുവനന്തപുരം: നിലവിലെ കെഎഎസ് റാങ്ക് പട്ടികയിൽ നിന്നു കൂടുതൽ പേർക്കു നിയമനം നൽകുന്നതിനായി കെഎഎസിനെ (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പൊളിച്ചെഴുതാൻ സർക്കാർ. കഴിഞ്ഞ സർക്കാർ 31 പേരുടെ ഒഴിവിൽ കെഎഎസിലേക്ക് അപേക്ഷ ക്ഷണിച്ചു പരീക്ഷ നടത്തിയിട്ടും ഒന്നാം റാങ്കുകാരനു പോലും നിയമനം നൽകാതിരുന്ന സാഹചര്യത്തിലാണ് കെഎഎസ് ചട്ടങ്ങൾ പൊളിച്ചെഴുതാനുള്ള കരടു വിജ്ഞാപനം സർക്കാർ പുറത്തിറക്കിയത്.
വകുപ്പുകളിൽ കൂടുതൽ തസ്തികകൾ സൃഷ്ടിച്ചും ഭരണപരിചയം ഉറപ്പാക്കിയും കേരളാ സിവിൽ സർവീസ് കേഡറാക്കി മാറ്റാനാണ് ശ്രമം. അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടത്തിനു കീഴിലുള്ള ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് റെഗുലേഷൻ പ്രകാരമായിരിക്കുംകെഎഎസിനെ സ്റ്റേറ്റ് സിവിൽ സർവീസ് കേഡറാക്കുക. വർഷാവർഷം ഒഴിവ് കണക്കാക്കുന്നതിന് പകരം വകുപ്പുകളിൽ നിശ്ചിത തസ്തികകൾ കെഎഎസിനായി മാറ്റിവയ്ക്കും. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി ജനുവരി 30ന് തീരുന്നതിനാൽ രണ്ടാംബാച്ചിൽ നിയമനം നടത്താൻ ലക്ഷ്യമിട്ടാണ് നിയമഭേദഗതി.
വയോജന വകുപ്പിൽ 14 ജില്ലാ ഓഫിസർ തസ്തിക സൃഷ്ടിച്ച് കെഎഎസിൽ ആക്കും. കൂടുതൽ തസ്തിക സൃഷ്ടിച്ചു നിലവിലെ റാങ്ക് പട്ടികയിൽ നിന്നു പരമാവധി നിയമനം നടത്തുകയാണ് ലക്ഷ്യം. സർക്കാരിലെ പ്രധാന വകുപ്പുകളിലും നിർവഹണ ഏജൻസികളിലും ഏകീകൃത ഭരണനിലവാരം ഉറപ്പാക്കാൻ മേൽനോട്ട ചുമതല കെഎഎസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ജില്ലകളിലെ സബ്ഡിവിഷനുകളിലും റവന്യുവിലും ഭരണപരിചയം ഉറപ്പാക്കും.
തുടർന്നുള്ള കെഎഎസ് പരീക്ഷാ സന്പ്രദായം പിഎസ്സിയുമായി ആലോചിച്ച് പരിഷ്കരിക്കും. കെഎഎസ് പ്രൊബേഷണർമാർക്ക് ഇടയ്ക്കിടെ വകുപ്പുതല പരീക്ഷ നടത്തും. പുതുതായി നിയമിക്കപ്പെടുന്നവർക്ക് 18 മാസത്തെ പരിശീലനം നൽകും. കേഡർ തസ്തികകളിൽ 15 % പരിശീലന റിസർവും 25 % ഡെപ്യൂട്ടേഷൻ റിസർവും അനുവദിക്കും. ഏതെങ്കിലും തസ്തികയിൽ കെഎഎസ് ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്പോൾ ആ തസ്തികയിലുള്ള സംസ്ഥാന സർവീസ് ഉദ്യോഗസ്ഥൻ സ്വമേധയാ തസ്തികയൊഴിയണം. അവർക്ക് പ്രത്യേകം നിയമനം നൽകണം. കെഎഎസ് ചട്ടങ്ങളെ 1958ലെ സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളുടെ ഭാഗമാക്കും.
കെഎഎസ് തസ്തികകൾ സർക്കാരിന് നിശ്ചയിച്ച് കേഡർ അവലോകനത്തിന് ശേഷം വിജ്ഞാപനമിറക്കാം. ശന്പളപരിഷ്കാര കമ്മിഷന്റെ ശിപാർശകൾ കെഎഎസിനും ബാധകമാകും. ഉദ്യോഗാർഥിയുടെ സ്വഭാവവും പൂർവചരിത്രവും നിയമനത്തിനു മുൻപു കർശനമായി പരിശോധിക്കും. സർവീസിൽ നിന്ന് നിയമനം നേടാവുന്ന സ്ട്രീം-രണ്ടിൽ സ്ഥിരം ഉദ്യോഗസ്ഥർക്കും പ്രൊബേഷണർമാർക്കും അപേക്ഷിക്കാം.
മൂന്നാം സ്ട്രീമിൽ അപേക്ഷിക്കാൻ അർഹതയുള്ള ഒന്നാം ഗസറ്റഡ് ഓഫിസറോ അതിന് മുകളിലുള്ള തസ്തികയിലുള്ളവർക്കോ രണ്ടാംസ്ട്രീമിൽ അപേക്ഷിക്കാനാകില്ല. കെഎഎസിലേക്ക് തസ്തികകൾ ലയിപ്പിക്കുന്നതിലൂടെ നേരിട്ടു ബാധിക്കപ്പെടുന്ന സർവീസുകളിലേക്ക് മാത്രം സ്ട്രീം-3 നിയമനങ്ങൾ പരിമിതപ്പെടുത്താനും കരട് ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നു.