കൊച്ചി: ക്ഷമ നല്കുന്നതുകൊണ്ട് ആരും ചെറുതാകില്ലെന്നും മറിച്ച്, അന്തസ് വര്‍ധിക്കുകയാണു ചെയ്യുന്നതെന്നും കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ 84 ദിവസം നീണ്ട സസ്പെന്ഷന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ നിരീക്ഷണം.
വ്യത്യസ്ത ആവശ്യങ്ങളുന്നയിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചേക്കാം. അവര്‍ക്ക് തെറ്റു പറ്റാം. അക്രമത്തിലേക്ക് നീണ്ടാല്‍ സര്‍വകലാശാലയ്ക്ക് നിയന്ത്രിക്കാനാകും. എന്നാല്‍, അമിത വൈകാരികത പുലര്ത്താതെയാകണം അധികൃതരുടെ നടപടികള്‍.
അക്രമസമരത്തിന് കാമ്പസുകളില്‍ സ്ഥാനമില്ല എന്നതുപോലെ, സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനുള്ള മനസ് അധികൃതര്‍ക്കും വേണം. ക്ഷമ പാപമല്ല, മാനുഷികമായ അന്തസിന്റെ പ്രഖ്യാപനമാണ്. നടപടിയെടുക്കുമ്പോള്‍ കുട്ടികളുടെ ഭാവികൂടി പരിഗണിക്കേണ്ടതുണ്ടെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ചൂണ്ടിക്കാട്ടി.
ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്ന സമയത്ത് കോട്ടയത്ത് നടന്ന ചടങ്ങ് വിദ്യാര്‍ഥി നേതാവായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ശക്തമായി ഉപരോധിച്ച സംഭവം കോടതി അനുസ്മരിച്ചു. മതില് പൊളിച്ചാണ് അന്ന് മുഖ്യമന്ത്രിയുടെ കാര്‍ പൊലിസ് പുറത്തെത്തിച്ചത്. വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തെങ്കിലും കേസെടുക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. തൊട്ടടുത്ത ദിവസം തന്നെ ഇ.എം.എസ്. മുന്‍കൈയെടുത്ത് വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഹരിച്ചതായി തിരുവഞ്ചൂര്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയായിരിക്കെ മന്മോഹന് സിംഗ് ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ പ്രതിമ അനാവരണത്തിന് എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ച് തടസപ്പെടുത്തി. തുടര്‍ന്ന് സര്‍വകലാശാല കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും മൃദുസമീപനം സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്ഥിപ്രതിഷേധവുമായി ബന്ധപ്പെട്ട് അവര്‍ വഴിതെറ്റിയ മക്കളാണ്, ശരിയായ വഴിക്ക് കൊണ്ടുവരികയെന്നതാണ് നമ്മുടെ കടമ. ശിക്ഷിക്കുന്നതോ കോടതി കയറ്റുന്നതോ കുറ്റപ്പെടുത്തുന്നതോ സാഹചര്യത്തില്‍ മാറ്റമുണ്ടാക്കില്ലയെന്നതിനാല് അവര്‍ക്ക് മാപ്പ് നല്കാന് ആഗ്രഹിക്കുന്നു എന്ന മോദിയുടെ വാക്കുകളും കോടതി ചൂണ്ടിക്കാട്ടി. സസ്പെന്‍ഷനും ശിക്ഷയും സംബന്ധിച്ച് നിലനില്‍ക്കുന്ന അവ്യക്തത മാറ്റാന്‍ നിയമത്തിലും ചട്ടത്തിലും പരിഷ്കരണം വേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കി.